പിതാവിന് ബലിതർപ്പണം നടത്തി മകൾ ഓടിയെത്തി, എറിഞ്ഞ് നേടിയത് സ്വർണ മെഡൽ

നീലേശ്വരം: പിതാവിന്റെ ചരമദിനത്തിൽ ബലിതർപ്പണം നടത്തി മകൾ ഓടിയെത്തി സ്വർണ മെഡൽ നേടി.കുറ്റിക്കോൽ ജി.എച്ച്.എസ് പത്താം ക്ലാസ് വിദ്യാർത്ഥിനി എ. ഉത്തരയാണ് കണ്ണീരിനിടയിലും നാടിന്റെ അഭിമാനമായത്. പിതാവ് എൻ.പി അശോകന്റെ 41-ാം ചരമദിനമായിരുന്നു ഇന്നലെ.
രാവിലെ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ പിതാവിന്റെ മോക്ഷത്തിനായി ബലിതർപ്പണം നടത്തിയ ശേഷമാണ് ഉത്തര പുത്തരിയടുക്കത്തെ ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് ഓടിയെത്തിയത്.
ജൂനിയർ വിഭാഗം ഹാമർ ത്രോയിൽ 25.13 മീറ്റർ എറിഞ്ഞാണ് ഉത്തര ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനമായിരുന്നു. ഡിസ്കസ് ത്രോയിൽ മൂന്നാം സ്ഥാനവും ഉത്തര നേടി.കുറ്റിക്കോൽ കഞ്ഞിക്കട നടത്തിയിരുന്ന പിതാവിന്റെ ആകസ്മിക മരണം കുടുംബത്തെ ഏറെ തളർത്തിയിരുന്നു. മകളെ മികച്ച സ്പോർട്സ് താരമാക്കാൻ പൂർണ പിന്തുണ നൽകിയിരുന്ന അശോകൻ അറിയപ്പെടുന്ന കബഡി താരം കൂടിയായിരുന്നു.
പിഗ്മി കളക്ഷൻ ഏജന്റായ സജിതയാണ് മാതാവ്. സഹോദരി: അക്ഷര.

error: Content is protected !!