സമൂഹത്തിന് ഓണം നല്‍കുന്നത് മഹത്തായ സന്ദേശം :രാജ്മോഹന്‍ ഉണ്ണിത്താന്‍

കാഞ്ഞങ്ങാട്: കേരളത്തിന്റെ ദേശീയ ആഘോഷമെന്നതിനപ്പുറം ഓണത്തിന്റെ ഐതിഹ്യവും ഓണക്കാല ഒത്തുകൂടലുമൊക്കെ സമൂഹത്തിന് നല്‍കുന്നത് മഹത്തായ സന്ദേശമാണെന്നും അകന്നു നില്‍ക്കാനല്ല, ചേര്‍ന്നു നില്‍ക്കാനും ചേര്‍ത്തു പിടിക്കാനുമാണ് ഓരോ ഓണക്കാലവും പറഞ്ഞുതരുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.പറഞ്ഞു. കാഞ്ഞങ്ങാട് ഗോകുലം ടവറിലെ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സംഘടനയായ ഗോകുലം കൂട്ടായ്മയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളവും ചതിയും എള്ളോളമില്ലാത്ത കാലത്തെ ഓര്‍മിപ്പിക്കുമ്പോള്‍, ഓരോ മനസുകളിലും നിറയണം അത്തരമൊരു ചിന്തയെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ്മ ചെയര്‍മാന്‍ ഇ.വി.ജയകൃഷ്ണന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് ആരോഗ്യ സ്ഥിരം സമിതിയധ്യക്ഷന്‍ മഹമ്മൂദ് മുറിയനാവി, സിനിമാതാരം വൃന്ദാമേനോന്‍, ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ താരം പി.മാളവിക, കൂട്ടായ്മ കണ്‍വീനര്‍ അനീഷ് ചായ്യോത്ത്, കോര്‍ഡിനേറ്റര്‍ മാരായ സുഹാസ് കൃഷ്ണന്‍, ധനേഷ് മടിക്കൈ, ഫസലുറഹ്‌മാന്‍, കെ.എസ്.ഹരി,ഗോകുലം ചിറ്റ്സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഷിജിന സുരേഷ്, പ്രകാശന്‍ ഇന്‍സൈറ്റ്, എ.വി.സഞ്ജയന്‍,അനിത, സി.അലാമി, പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. വടംവലി പരിശീലകന്‍ ബാബുകോട്ടപ്പാറയെ ആദരിച്ചു.ലോക കപ്പ് ഫുട്ബോള്‍ പ്രവചന മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണവും നടന്നു. വിവിധ കലാ-കായിക മത്സരങ്ങളും നടന്നു.

 

error: Content is protected !!