കാഞ്ഞങ്ങാട്: ഒക്ടോബര് 8 ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കുഞ്ഞിരാമന് നിര്വഹിച്ചു. പിലിക്കോട് പി സി കെ ആര് വായനശാലയില് വച്ച് സംഘടിപ്പിച്ച പരിപാടിയില് പിലിക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന് എന് രവീന്ദ്രന് അധ്യക്ഷനായി. പിലിക്കോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന് എം കെ ഹരിദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി പി നിഷ, ലീന വി, ജില്ലാ വെക്ടര് ബോണ് ഡിസീസ് കണ്ട്രോള് ഓഫീസര് കെ വി ഗിരീഷ്, ജില്ലാ ഒഫ്താല്മിക് കോഡിനേറ്റര് ഓ എ അജിതകുമാരി, പി സി കെ ആര് കലാസമിതി സെക്രട്ടറി അഖില് ചന്ദ്രന് എന്നിവര് ആശംസകള് അര്പ്പിച്ച് സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ എജുക്കേഷന് മീഡിയ ഓഫീസര് പി പി ഹസീബ് സ്വാഗതവും കുടുംബാരോഗ്യ കേന്ദ്രം ഓലാട്ട് ഹെല്ത്ത് ഇന്സ്പെക്ടര് പി വി മഹേഷ്കുമാര് നന്ദിയും പറഞ്ഞു.
തുടര്ന്നു നടന്ന ബോധവല്ക്കരണ സെമിനാറില് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നേത്രരോഗ വിദഗ്ധ ഡോക്ടര് എസ് അപര്ണ, നീലേശ്വരം താലൂക്കാശുപത്രി ഒപ്ട്രോമെട്രിസ്റ്റ് അജീഷ് കുമാര് എന്നിവര് ക്ലാസ്സെടുത്തു. പരിപാടിയോടനുബന്ധിച്ച് നടന്ന നേത്ര പരിശോധന ക്യാമ്പിന് ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് സഞ്ചരിക്കുന്ന നേത്ര വിഭാഗം നേതൃത്വം നല്കി. ജില്ലാ മെഡിക്കല് ഓഫീസ് (ആരോഗ്യം) കാസറഗോഡ്, ദേശീയാരോഗ്യ ദൗത്യം, ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
എല്ലാ വര്ഷവും ഒക്ടോബര് മാസം രണ്ടാമത്തെ വ്യാഴാഴ്ച ലോകാരോഗ്യ സംഘടനയുടെ നിര്ദേശ പ്രകാരം അന്ധത, കാഴ്ച്ച സംരക്ഷണം, നേത്ര സംബന്ധമായ പ്രശ്നങ്ങള് എന്നിവയെക്കുറിച്ചുള്ള പൊതു അവബോധം വര്ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് ആഗോളതലത്തില് ലോക കാഴ്ച ദിനം ആചരിക്കുന്നത്. ‘നിങ്ങളുടെ കണ്ണുകളെ നിങ്ങള് സ്നേഹിക്കൂ’ എന്നതാണ് ഈ വര്ഷത്തെ ലോക കാഴ്ച ദിനാചരണത്തിന്റെ സന്ദേശം.
