പാണത്തൂര്‍ : വിബിജി റാംജി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത പനത്തടി പഞ്ചായത്തിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഓണത്തിന് ശേഷം പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. പുതിയ പദ്ധതി പ്രകാരം ജൂലൈ 1 മുതല്‍ പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തി തുടങ്ങിയെങ്കിലും കേരളസര്‍ക്കാര്‍ ഈ പദ്ധതിയില്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. പഞ്ചായത്തുകളും ഇതില്‍ അലംഭാവം കാണിക്കുണ്ടെന്നും ബിജെപി ആരോപിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കിയെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ല എന്നാണ് ബിജെപി പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 266 പ്രവര്‍ത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം അത് 318 പ്രവര്‍ത്തികളായും, 100 തൊഴില്‍ ദിനങ്ങള്‍ക്കു പകരം 125 തൊഴില്‍ ദിനങ്ങളായും, വേതനം 369 രൂപയില്‍ നിന്ന് 401 രൂപയായും ഉയര്‍ത്തിയിട്ടുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കാതിരിക്കാനാണ് പദ്ധതി വൈകിപ്പിക്കുന്നതെന്നും ബിജെപി ആരോപിച്ചു. പുതിയ പദ്ധതി നടപ്പിലാക്കുന്നത് വരെ പഴയ ആക്ഷന്‍ പ്ലാന്‍ പ്രകാരമുള്ള ജലസംരക്ഷണ പ്രവര്‍ത്തികള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നതിലും പഞ്ചായത്തുകള്‍ വീഴ്ച വരുത്തുന്നതായും പറയുന്നു.
പുതിയ നിയമപ്രകാരം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്ത് അംഗീകാരം വാങ്ങേണ്ടതുണ്ടെങ്കിലും അത്തരം നടപടികളിലേക്ക് പഞ്ചായത്തുകള്‍ കടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് അടിയന്തര തൊഴില്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കാത്ത പക്ഷം ഓണാവധിക്ക് ശേഷം പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.കെ സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം പി രാമചന്ദ്ര സറളായ, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍, പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം ഷിബു, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പ്രതീഷ് കുമാര്‍ കെ.എസ്, ജി രാമചന്ദ്രന്‍, പി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
