ക്ഷേത്രങ്ങളില്‍ മുതല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ വരെ: വിശ്വകര്‍മ്മ മാതൃസമിതിയുടെ കോല്‍ക്കളി കുതിപ്പ്

കാഞ്ഞങ്ങാട്: പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് മാവുങ്കാല്‍ പുതിയകണ്ടം വിശ്വകര്‍മ്മ മാതൃസമിതിയിലെ വനിതകള്‍. 6 വയസ്സ് മുതല്‍ 53 വയസ്സ് വരെയുള്ള 20-ഓളം അംഗങ്ങള്‍ ചേര്‍ന്ന ‘ടീം വിശ്വകര്‍മ്മ’ വനിതാ കോല്‍ക്കളിയിലൂടെ ജനമനസ്സുകള്‍ കീഴടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുതിയകണ്ടം വിശ്വകര്‍മ്മ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ടീം ആദ്യമായി വിശ്വകര്‍മ്മ മാതൃ സമിതി അംഗങ്ങള്‍ കോല്‍ക്കളി അവതരിപ്പിച്ചത്. ആദ്യവേദിയില്‍ ലഭിച്ച ജനപിന്തുണയാണ് ഇവരെ കൂടുതല്‍ വേദികളിലേക്ക് എത്തിച്ചത്.നീലേശ്വരം കിഴക്കേവീട് തറവാട്, മാവുങ്കാല്‍ശ്രീരാമ ക്ഷേത്രം, ബേക്കല്‍ ഗോകുലം ഗോശാലയിലെ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിലും ടീം മികച്ച പ്രകടനം കാഴ്ചവച്ചു. ഈ മാസം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദേവിയുടെ മുന്നില്‍ നൃത്ത സമര്‍പ്പണം നടത്തി ക്ഷേത്രത്തിന്റെ ആദരവും ഏറ്റുവാങ്ങി. ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ അതാത് ക്ഷേത്രങ്ങളുടെ ഭക്തിഗാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതാണ് ടീമിന്റെ പ്രത്യേകത. ഇപ്പോള്‍ പുതിയകണ്ടം യംഗ് മെന്‍സ് ഓണാഘോഷ പരിപാടിക്കുള്ള പരിശീലനത്തിലാണ് ടീം. ഈ വര്‍ഷം തന്നെ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ പരിപാടി അവതരിപ്പിക്കാനുള്ള ക്ഷണവും ലഭിച്ചിട്ടുണ്ട്. 6 വയസ്സുകാരി വൈഷ്ണവശ്രീ മുതല്‍ 53 കാരി ശോഭന രാമകൃഷ്ണന്‍ വരെ ഒരുപോലെ മെയ്വഴക്കം തെളിയിക്കുന്നതാണ് ടീമിന്റെ പ്രധാന ആകര്‍ഷണം. സുവിത മധു, ശ്രീന രജീഷ്,രമ കേശവന്‍, എം.വി. രാധിക, നയന ശരത്, സോന ഗോപാലന്‍, സവിത പ്രകാശ്, സൗമ്യ പ്രസാദ്, ബിന്ദു മധു, തങ്കമണി കരുണന്‍, ഷിംന ശ്രീകുമാര്‍, പ്രേമ ചന്ദ്രന്‍, ബിന്ദു രാജന്‍, രസ്‌ന ഗണേഷ്, ദിവ്യ, ദിയ വിനോദ്, നക്ഷത്ര രാഹുല്‍, സൃഷ്ടിശ്രീ, സാനിയ, ഹൃദിക എന്നിവരാണ് ടീം അംഗങ്ങള്‍.

 

error: Content is protected !!