സംസ്ഥാന സര്‍ക്കാരിന്റെ മികച്ച വനിത കര്‍ഷകയ്ക്കുള്ള കര്‍ഷകതിലകം പുരസ്‌കാരം പെരിയ മീങ്ങോത്തെ കെ.സാവിത്രിക്ക്

പെരിയ: ബികോം ബിരുദവും കമ്പ്യൂട്ടര്‍ കോഴ്സില്‍ ഡിപ്ലോമയുമുള്ള പെരിയ മീങ്ങോത്തെ കൊച്ചിലവളപ്പില്‍ കെ.സാവിത്രിയുടെ ജീവിതാഭിലാഷം അധ്യാപികയാവുകയെന്നതായിരുന്നു. കുറച്ചുകാലം ട്യൂട്ടോറിയല്‍ കോളജില്‍ അധ്യാപികയായി ജോലിയും ചെയ്തിരുന്നു. എന്നാല്‍ ജീവിതസാഹചര്യങ്ങള്‍ അവരെ പരമ്പരാഗതമായി ചെയ്തുപോന്നിരുന്ന കാര്‍ഷികവൃത്തിയില്‍ തന്നെ എത്തിച്ചു. ഏറ്റവും നൂതനമായ കൃഷിരീതികള്‍ അവലംബിച്ച് വൈവിധ്യമാര്‍ന്ന വിളകള്‍ വിളയിച്ചെടുത്ത് ഈ രംഗത്ത് ഒരു റോള്‍ മോഡല്‍ ആകാന്‍ സാവിത്രിക്ക് കഴിഞ്ഞു. 52-ാം വയസില്‍ സംസ്ഥാനത്തെ മികച്ച വനിത കര്‍ഷകയ്ക്കുള്ള ഒരു ലക്ഷം രൂപയുടെ കര്‍ഷകതിലകം പുരസ്‌കാരം അവരെ തേടിയെത്തുമ്പോള്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന മണ്ണില്‍ പൊന്നു വിളയിച്ച പെണ്‍കരുത്തിനുള്ള ആദരം കൂടിയായി അതു മാറി.

കഴിഞ്ഞ അഞ്ചുവര്‍ഷമായി പെരിയ തന്നിത്തോട് പാട്ടത്തിനെടുത്ത സ്ഥലത്ത് ഇവര്‍ വിജയകരമായി തണ്ണിമത്തന്‍ കൃഷി നടത്തുന്നുണ്ട്. വിത്തിട്ട് 65-70 ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്ന കൃഷിയാണിതെന്നും നല്ല ഡിമാന്‍ഡുണ്ടെന്നും സാവിത്രി പറയുന്നു. ഹൈബ്രിഡ് ഇനമായ മുക്കാസ-7, കിരണ്‍ തുടങ്ങിയ ഇനങ്ങള്‍ പരീക്ഷിക്കുന്ന സാവിത്രിക്ക് 12 ടണ്‍ തണ്ണിമത്തന്‍ വില്‍പന നടത്താന്‍ സാധിച്ചു. ആകെയുള്ള 4.40 ഏക്കര്‍ സ്ഥലത്തെ രണ്ടേക്കറില്‍ 750 ചെടിമുരിങ്ങ ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. ഇതിന്റെ 2000 തൈകള്‍ വില്‍പനയും നടത്തി. പയര്‍, നരമ്പന്‍, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, തക്കാളി, വെണ്ട, വഴുതന എന്നിവയുടെ കൃഷിയും തൈവില്‍പനയുമുണ്ട്. 13,000 ചെണ്ടുമല്ലിതൈകളും വില്‍പന നടത്തി. ആവശ്യക്കാര്‍ നേരിട്ടുവന്ന് ഉത്പന്നങ്ങളും തൈകളും വാങ്ങുകയാണ് പതിവ്. പുതുതായി വീട് നിര്‍മിക്കുന്നവര്‍ മണ്‍ചട്ടിയില്‍ ചെടികളും പച്ചക്കറികളും തയാറാക്കി നല്‍കാന്‍ സമീപിക്കാറുണ്ടെന്നും സാവിത്രി പറഞ്ഞു. സ്വന്തമായി നിര്‍മിക്കുന്ന ജൈവവളമാണ് ഉപയോഗിക്കുന്നത്. ഡ്രിപ്പ് ഇറിഗേഷന്‍ വഴിയാണ് വിളകള്‍ നനയ്ക്കുന്നത്. ഭര്‍ത്താവ് ടി.നാരായണന്‍ ഭാര്യയ്ക്കൊപ്പം കൃഷിയിടത്തില്‍ സജീവമാണ്. സിഎ വിദ്യാര്‍ഥിയായ അഖില, ബംഗളുരുവില്‍ ഫുഡ് ടെക്നോളജി ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനി അനഘ എന്നിവര്‍ മക്കളാണ്.

 

error: Content is protected !!