ബേക്കല്‍:തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആഗസ്റ്റ് 12ന് നടക്കുന്ന കര്‍ക്കിടക വാവിന് ബലിതര്‍പ്പണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 12ന് രാവിലെ ഉഷപ്പൂജക്ക് ശേഷം 5.30മണി മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്ര മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായയുടെ നേതൃത്വത്തില്‍ ക്ഷേത്ര പുരോഹിതന്‍ രാജേന്ദ്ര അരളിത്തായയുടെ കാര്‍മികത്വത്തില്‍ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ഒരേ സമയത്ത് ഇരുപതോളം കര്‍മികളുടെ നേത്യത്വത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുന്നത്. ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട്- കാഞ്ഞങ്ങാട് റൂട്ടില്‍ ചന്ദ്രഗിരിപ്പാലം വഴി നിലവിലുള്ള സര്‍വീസിന് പുറമെ കൂടുതല്‍ ബസ് സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍സി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്രസമ്മേളനത്തില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.സി കൃഷ്ണവര്‍മ്മ രാജ, ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ വള്ളിയോടന്‍ ബാലകൃഷ്ണന്‍ നായര്‍, പാരമ്പര്യട്രസ്റ്റി അംഗം ഇടയില്യം ശ്രീവത്സന്‍ നമ്പ്യാര്‍ പങ്കെടുത്തു.
