ലോക ശ്വാസകോശാര്‍ബുദ ദിനം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

കാസര്‍കോട്: ഓഗസ്റ്റ് 1 ലോക ശ്വാസകോശാര്‍ബുദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂടംകല്ല് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ വച്ച് സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ടി. രേഖ ദിനാചരണ സന്ദേശം നല്‍കി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം റീന തോമസ്, കള്ളാര്‍ ഗ്രാമപഞ്ചായത്ത് അംഗം ലിറ്റി ജോസ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പൂടംകല്ല് താലൂക്ക് ആസ്ഥാന ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. ഷിന്‍സി സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനി തോമസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ബോധവത്കരണ സെമിനാറില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് കെ. ക്ലാസ്സെടുത്തു.

ലോക ശ്വാസകോശാര്‍ബുദ ദിനം: അറിയേണ്ട കാര്യങ്ങള്‍

ശ്വാസകോശാര്‍ബുദത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം ശക്തമാക്കുന്നതിനും രോഗം നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുമായാണ് ഓഗസ്റ്റ് 1 ലോക ശ്വാസകോശാര്‍ബുദ ദിനമായി ആചരിക്കുന്നത്. ‘ശ്വാസകോശാര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഒന്നിച്ച്’ (Together through lung cancer) എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ പ്രമേയം. ലോകമെമ്പാടുമുള്ള അര്‍ബുദ മരണങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന ശ്വാസകോശ അര്‍ബുദം തുടക്കത്തില്‍ തന്നെയുള്ള രോഗനിര്‍ണയം വഴി ഫലപ്രദമായി പ്രതിരോധിക്കാനും ചികിത്സിക്കാനും സാധിക്കും. ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തോളം ആളുകള്‍ ശ്വാസകോശാര്‍ബുദം മൂലം മരണപ്പെടുന്നു എന്നത് ഈ രോഗനിര്‍ണയത്തിന്റെ അടിയന്തര പ്രാധാന്യത്തെ വെളിവാക്കുന്നു.

അതീവ ജാഗ്രത പുലര്‍ത്തേണ്ടവര്‍

നിലവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരും മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്നവരും.
ആസ്ബസ്റ്റോസ്, ഡീസല്‍ പുക, കല്‍ക്കരി തുടങ്ങിയവയുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ (നിര്‍മ്മാണം, ഖനനം, ട്രാഫിക് നിയന്ത്രണം മുതലായവ).
വീടുകളില്‍ വിറകും മറ്റ് ജൈവ ഇന്ധനങ്ങളും ഉപയോഗിച്ച് ദീര്‍ഘകാലം പാചകം ചെയ്യുന്നവര്‍.
കുടുംബത്തില്‍ ശ്വാസകോശ അര്‍ബുദ പശ്ചാത്തലമുള്ളവര്‍.
സി.ഓ.പി.ഡി, ക്ഷയരോഗം, തുടങ്ങിയ ദീര്‍ഘകാല ശ്വാസകോശ രോഗങ്ങളുള്ളവര്‍.

പൊതുവായ ലക്ഷണങ്ങള്‍

രണ്ട്-മൂന്ന് ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ.
ചുമയ്ക്കുമ്പോള്‍ രക്തത്തിന്റെ അംശം കാണുക.
ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ ഉണ്ടാകുന്ന നെഞ്ചുവേദന.
ശ്വാസംമുട്ടല്‍, പെട്ടെന്നുണ്ടാകുന്ന ശബ്ദമാറ്റം
പെട്ടെന്ന് ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, അമിതമായ ക്ഷീണം.
ന്യൂമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ അണുബാധകള്‍ അടിക്കടിയുണ്ടാകുക.

അതീവ ശ്രദ്ധ ആവശ്യമുള്ള ലക്ഷണങ്ങള്‍

സാധാരണ ചികിത്സകള്‍ കൊണ്ട് മാറാത്ത ശ്വാസകോശ രോഗലക്ഷണങ്ങള്‍.
തുപ്പലില്‍ രക്തത്തിന്റെ അംശം
വിരല്‍തുമ്പുകള്‍ തടവിക്കുക (Finger Clubbing).
കഴുത്തിലോ മുഖത്തോ ഉണ്ടാകുന്ന വീക്കം.
കാരണം വ്യക്തമല്ലാത്ത പനി, രാത്രികാലങ്ങളിലെ അമിത വിയര്‍പ്പ്.

ശ്വാസകോശ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക: ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന കാരണം പുകയില ഉപയോഗമാണ്. പുകവലി ഉപേക്ഷിക്കുന്നതും പരോക്ഷ പുകവലി ഒഴിവാക്കുന്നതും രോഗസാധ്യത ഗണ്യമായി കുറയ്ക്കുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക: വായുമലിനീകരണവും പുകയും പൊടിയുമുള്ള ഇടങ്ങളിലും അത്തരം ജോലിസ്ഥലങ്ങളിലും ഉയര്‍ന്ന ഗുണനിലവാരമുള്ള മാസ്‌കുകള്‍/റെസ്പിറേറ്ററുകള്‍ കൃത്യമായി ധരിക്കുക.
രോഗം തുടക്കത്തിലേ തിരിച്ചറിയുക: നീണ്ടുനില്‍ക്കുന്ന ചുമയോ ശ്വാസതടസ്സമോ കണ്ടാല്‍ സ്വയംചികിത്സയ്ക്ക് നില്‍ക്കാതെ ഉടനടി വൈദ്യപരിശോധന നടത്തുക.
ആരോഗ്യകരമായ ജീവിതശൈലി: ശരിയായ പോഷകാഹാരം, വ്യായാമം, ശുചിത്വമുള്ള അന്തരീക്ഷം എന്നിവ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

 

error: Content is protected !!