ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ നബിദിന ഘോഷയാത്ര എത്തി ;പരിപാടികള്‍ നിര്‍ത്തിവച്ച് നബിദിന ഘോഷയാത്രയെ വരവേറ്റ് കേളോത്ത് സുശീലഗോപാലന്‍ നഗര്‍ ലെനിന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍

പെരിയ : കേളോത്ത് സുശീല ഗോപാലന്‍ നഗര്‍ ലെനിന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ ഓണനിലാവ് 2026 എന്ന പേരില്‍ വിവിധ കലാകായിക മത്സരങ്ങളോടെ പുരോഗമിച്ചു കൊണ്ടിരിക്കെയാണ് ചാലിങ്കാല്‍ മുഹ്യദ്ദീന്‍ ജുമാമസ്ജിദിന്റെ നബിദിന ഘോഷയാത്ര കേളോത്ത് എസ്. ജി നഗറില്‍ എത്തിയത്. ആഗസ്റ്റ് 25നാണ് നബിദിനം ആഘോഷിച്ചതെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ നബിദിന ഘോഷയാത്ര പള്ളി കമ്മിറ്റി 29 ശനിയാഴ്ചയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
ചാലിങ്കാല്‍ മുഹ്യദ്ദീന്‍ പള്ളി അങ്കണത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ചാലിങ്കാ ല്‍ അയ്യപ്പ ഭജനമന്ദിരം,പ്രിയദര്‍ശിനി ക്ലബ്ബ്, വോയിസ് ഓഫ് ചാ ലിങ്കാല്‍, ഗ്രാന്‍മ ക്ലബ് ഇന്‍ടെക്‌സ് ക്ലബ്ബ് മറ്റ് വ്യക്തികള്‍ എന്നിവര്‍ നല്‍കിയ സ്വീകരണത്തിന് ശേഷമാണ് ഓണാഘോഷം നടക്കുന്ന ലെനിന്‍ ക്ലബ്ബ് പരിസരത്ത് എത്തിയത്. ഉടന്‍തന്നെ ക്ലബ്ബ് പ്രവര്‍ത്തകര്‍ ഓണാഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ച് പുഷ്പവൃഷ്ടിയോടുകൂടി നബിദിന ഘോഷയാത്രയ്ക്ക് ഗംഭീര സ്വീകരണം നല്‍കി. കൂടാതെ ഘോഷയാത്രയില്‍ അണിനിരന്ന റൂട്ട് മാര്‍ച്ച് അംഗങ്ങള്‍, മദ്രസ വിദ്യാര്‍ത്ഥികള്‍ മറ്റ് മുതിര്‍ന്നവരും കുട്ടികളും അടക്കമുള്ള ഘോഷയാത്ര അംഗങ്ങള്‍ എന്നിവര്‍ക്ക് ദാഹശമനിയായി തണ്ണിമത്തന്‍സര്‍ബത്തും നല്‍കിയത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെ യും വിളംബരമായി മാറി. സമാപന പരിപാടിയുടെ ഭാഗമായി ലെനിന്‍ ക്ലബ്ബ് പരിസരത്തേക്ക് എത്തിച്ചേര്‍ന്ന നബിദിന ഘോഷയാത്രയ്ക്ക് ഗംഭീര സ്വീകരണം നല്‍കിയ ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് മുഹ്യദ്ദീന്‍ ജുമാമസ്ജിദ് ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി. മനസ്സില്‍ തങ്ങിനില്‍ക്കുന്ന പ്രവര്‍ത്തനമാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ നടത്തിയത് എന്നും ഇത് എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കുമെന്നും അവര്‍ പറഞ്ഞു. അതുപോലെതന്നെ നബിദിന ഘോഷയാത്ര സമാപനത്തിനായി ക്ലബ്ബ് പരിസരം തെരഞ്ഞെടുത്ത പള്ളി കമ്മിറ്റിക്കും ഭാരവാഹികള്‍ക്കും ക്ലബ്ബ് പ്രവര്‍ത്തകര്‍ കൃതജ്ഞത രേഖപ്പെടുത്തി. ഓണാഘോഷ പരിപാടി വേദിയിലെത്തിയ ജുമാ മസ്ജിദ് പ്രവര്‍ത്തകരും ക്ലബ്ബ് പ്രവര്‍ത്തകരും പരസ്പരം സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സ്‌നേഹാശംസകള്‍ പങ്കുവെച്ചാണ് പിരിഞ്ഞുപോയത്. നബിദിന ഘോഷയാത്രയ്ക്ക് മഹല്ല് ഖത്തീബ് ഹാഫിള് നിസാമുദ്ദീന്‍ മഹ്‌മൂദി, മഹല്ല് പ്രസിഡണ്ട് സി.എച്ച്.അഷ്‌റഫ്, നൂറുല്‍ ഇസ്ലാം മദ്രസ പി.ടി.എ പ്രസിഡണ്ട് ഇബ്രാഹിം ഹാജി കുവൈറ്റ്,ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി.എം. അബ്ദുല്‍ അസീസ് എന്നിവര്‍ നേതൃത്വം നല്‍കി. ഘോഷയാത്ര സ്വീകരണത്തിന് ലെനിന്‍ ക്ലബ്ബ് സെക്രട്ടറി ജി. മധു പ്രസിഡണ്ട് ഒ. കെ സുരേഷ്, രക്ഷാധികാരികളായ ബാബു മണിക്കുട്ടി, കെ അശോകന്‍ കാലിച്ചാന്‍ മരം, ക്ലബ്ബ് എക്‌സിക്യൂട്ടീവ് അംഗങ്ങളും നാട്ടുകാരും അടക്കമുള്ള പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!