കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ റൈഫിള്‍ അസോസിയേഷന് (കെ എസ് ആര് ഡി എ) സംഘടിപ്പിച്ച ജില്ലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ഇനങ്ങളില്‍ വിജയികളായ താരങ്ങള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ജില്ലാ റൈഫിള്‍ അസോസിയേഷന് പ്രസിഡന്റ് കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുമായ പി.നിധിന് രാജ് ഐ പി എസ് വിതരണം ചെയ്തു.
അമ്പലത്തറയിലെ കെ എസ് ആര് ഡി എ ഷൂട്ടിംഗ് റേഞ്ചില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന് പുതുതായി സ്വന്തമാക്കിയ രണ്ട് അത്യാധുനിക ഷൂട്ടിംഗ് ആയുധങ്ങള്‍ ജില്ലാ പോലീസ് മേധാവി ഔപചാരികമായി റേഞ്ചിന് കൈമാറി. ജില്ലാ സെക്രട്ടറി അഡ്വ.കെ.എ.നാസര്‍ ജോയിന്റ് സെക്രട്ടറി പി. വി. രാജേന്ദ്രകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തോക്കുകള്‍ സ്വീകരിച്ചു.ജില്ലയിലെ ഷൂട്ടിംഗ് കായികരംഗത്തിന്റെ വളര്‍ച്ചയ്ക്കും ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലുള്ള പരിശീലനത്തിനും ഈ ആയുധങ്ങള്‍ കൂടുതല്‍ കരുത്തേകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കെ എസ് ആര് ഡി എ സെക്രട്ടറി അഡ്വ. അബ്ദുന് നസര്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി രാജേന്ദ്രകുമാര്‍ സ്വാഗതവും സുമേഷ് സുകുമാരന്‍ നന്ദിയും പറഞ്ഞു.
ഷൂട്ടിംഗ് രംഗത്തെ കായികപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ജില്ലയിലെ ഷൂട്ടിംഗ് പരിശീലന സൗകര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള കെ എസ് ആര് ഡി എ യുടെ പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ അഭിനന്ദിക്കപ്പെട്ടു.
