നീലേശ്വരം: ദേശീയപാത 66-ന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നീലേശ്വരത്ത് ആകാശപാത (എലിവേറ്റഡ് ഹൈവേ) വേണമെന്ന ആവശ്യവുമായി ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരം 110-ാം ദിവസം പിന്നിട്ടു. 110-ാം ദിന സമരപരിപാടികള്‍ പ്രമുഖ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഡ്വ. ഹരീഷ് വാസുദേവന്റെ പിതാവും റിട്ട. അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണറുമായ വി. എന്‍. വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഡി. രാജന് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ മഹമൂദ് കോട്ടായി സ്വാഗതം പറഞ്ഞു.
നീലേശ്വരത്തെ ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും പാരിസ്ഥിതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി അഡ്വ. ഹരീഷ് വാസുദേവന്‍ സര്‍ക്കാരിന് നല്കിയ പരാതിയില്‍ പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അടിയന്തര നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത് സമരപ്പന്തലില്‍ വലിയ ആവേശമുണ്ടാക്കി. മാര്‍ക്കറ്റിലെ പഴയ ഹൈവേയോട് ചേര്‍ന്നുള്ള ജലപാതയും നീര്‍ച്ചാലുകളും മണ്ണുമൂടി നികത്തുന്നതിനെതിരെയും, നാട്ടുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും അടിയന്തരമായി യോഗം വിളിച്ചു ചേര്‍ക്കാന്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ക്കും എന്‍.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പരാതിയിന്മേല് ഉചിതമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും, ഇത് സംബന്ധിച്ച് മലയാള മനോരമയടക്കമുള്ള മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ജനകീയ സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളുടെ പ്രസക്തിയും ന്യായവും അടിവരയിടുന്നതാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. നീലേശ്വരത്തിന്റെ നെഞ്ചുപിളര്‍ന്ന്, പരിസ്ഥിതിയെ തകര്‍ത്ത് കൊണ്ടുള്ള ഇപ്പോഴത്തെ അശാസ്ത്രീയ നിര്‍മ്മാണത്തിന് പകരം ആകാശപാത യാഥാര്‍ത്ഥ്യമാക്കുന്നത് വരെ കൂടുതല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം.
