കാഞ്ഞങ്ങാട് നഗരത്തില്‍ പത്തിലധികം പെരുമ്പാമ്പ് കുഞ്ഞുങ്ങളെ പിടികൂടി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പത്തിലധികം പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി. കാഞ്ഞങ്ങാട് എലൈറ്റ് ടൂറിസ്റ്റ് ഹോം സമീപത്തെ ലൈഫ് മെഡിക്കല്‍, കത്തോലിക് സിറിയന്‍ ബാങ്ക് എന്നിവിടങ്ങളിലെ കടകളില്‍ നിന്നാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇത്രയധികം പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കടകള്‍ക്കകത്തും വരാന്തയിലും കയറിക്കൂടിയ പെരുമ്പാമ്പ് കുഞ്ഞുങ്ങളെ സര്‍പ്പപിടിത്തക്കാരായ സുനില്‍, സുരേന്ദ്രന്‍, വിജേഷ് എന്നിവര്‍ ചേര്‍ന്ന് വിവിധ ദിവസങ്ങളിലായാണ് പിടികൂടിയത്.
ഒരിക്കല്‍ മുട്ട വിരിഞ്ഞാല്‍ 22 ഓളം കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. പിടികൂടിയ കുഞ്ഞുങ്ങള്‍ക്ക് ഏകദേശം രണ്ടാഴ്ചത്തെ പ്രായം മാത്രമേയുള്ളൂ. പിടികൂടുന്ന പാമ്പ് കുഞ്ഞുങ്ങളെ കുപ്പികളിലാക്കി കാഞ്ഞങ്ങാട് റേഞ്ച് ഓഫീസിലാണ് ഏല്‍പ്പിക്കുന്നത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി വനത്തിലേക്ക് വിടുകയാണ് പതിവ്. സ്ഥലത്ത് പരിശോധന നടത്താന്‍ ബി.എഫ്.ഒ. ജിതിന്‍കുമാര്‍ കടകളില്‍ എത്തിയിരുന്നു.
മഴക്കാലത്ത് പാമ്പുകള്‍ തണുപ്പും ഭക്ഷണവും തേടി കടകളിലേക്കും വീടുകളിലേക്കും ഇറങ്ങാറുണ്ട്. കുപ്പത്തൊട്ടികളും ഇരുണ്ട സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുന്നത് പാമ്പ് ശല്യം കുറക്കാന്‍ സഹായിക്കുമെന്ന്
ബി.എഫ്.ഒ. ജിതിന്‍കുമാര്‍ പറഞ്ഞു.

 

error: Content is protected !!