കാന്‍ ഫെഡ് അവാര്‍ഡ് കാവുങ്കല്‍ നാരായണന്

കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ കാന്‍ ഫെഡ് അവാര്‍ഡ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ കാവുങ്കല്‍ നാരായണന് ലഭിച്ചു.കാന്‍ഫെഡ് സംസ്ഥാന സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന നാരായണന്‍ മാസ്റ്റര്‍ക്ക് കാന്‍ഫെഡ് സംസ്ഥാന ഭാരവാഹികള്‍ വീട്ടിലെത്തി അവാര്‍ഡ് സമ്മാനിക്കും. കാഞ്ഞങ്ങാട്ടെ ആദ്യകാല മാധ്യമ പ്രവര്‍ത്തകനായിരുന്നു. കാഞ്ഞങ്ങാട് അരനൂറ്റാണ്ട് കാലം മാതൃഭൂമിയുടെ ലേഖകനായി നിറഞ്ഞു നിന്ന കാവുങ്കല്‍ നാരായണന്‍ കാന്‍ഫെഡിന്റെ ജില്ലയിലെ മുതിര്‍ന്ന സാരഥിയാണ്. അധ്യാപകന്‍ സാക്ഷരതാ പ്രവര്‍ത്തകന്‍ എഴുത്തുകാരന്‍, നോവലിസ്റ്റ്, തുടങ്ങിയ നിലയില്‍ തന്റെ പ്രതിഭ തെളിയിച്ചു. കോടോം-ബേളൂര്‍ അയ്യങ്കാവിലെ പരേതനായ അയ്യങ്കാവ് കൂലോത്ത് കുഞ്ഞിരാമന്‍ മണിയാണിയുടെയും കാവുങ്കല്‍ കെ.പി. നാരായണിയമ്മയുടെയും മകനായ നാരായണന്‍ മാസ്റ്റര്‍. പള്ളിക്കര കീക്കാല്‍ ഗവ.യു.പി.സ്‌കൂള്‍, ദുര്‍ഗഹയര്‍ സെക്കന്ററി സ്‌കൂള്‍, മട്ടന്നൂര്‍ പഴശ്ശിരാജ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബേളൂര്‍ ശ്രീശങ്കര യു.പി.സ്‌കൂള്‍, പറക്കളായി ഗവ. യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ഹൊസ്ദുര്‍ഗ് എ.ഇ.ഒ ഓഫീസില്‍ പ്രൈമറി എക്സ്റ്റന്‍ഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാക്ഷരതാരംഗത്ത് നാലുപതിറ്റാണ്ടിലധികം നീണ്ടുനിന്ന സേവനം. പി.എന്‍.പണിക്കരുമായി ചേര്‍ന്നു നിന്ന് പ്രവര്‍ത്തിച്ചു.കാന്‍ഫെഡിന്റെയും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെയും ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പി.എന്‍.പണിക്കര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ സ്ഥാപകരിലൊരാള്‍. മികച്ച പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ വിവിധ പുരസ്‌കാരങ്ങള്‍ നേടിയെടുത്തു. ആകാശവാണിയിലൂടെ നിരവധി പ്രഭാഷണങ്ങളും സാഹിത്യ രചനകളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. സാക്ഷരതാസമിതി പ്രചരണവിഭാഗം മാനേജര്‍, സാക്ഷര കേരളം മാസികയുടെ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഗോപുരം കല്ലിന്റെ നിഴല്‍(നോവല്‍), അഭയം തേടുന്നവര്‍ (നോവല്‍), ഗ്രാമ വഴിയിലെ കനലുകള്‍ (നോവല്‍)തെരഞ്ഞെടുത്ത ചെറുകഥകള്‍. എന്നിവയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍.

 

error: Content is protected !!