മീനാക്ഷി ഭായിയുടെ ശിഷ്ട ജീവിതം വൃദ്ധസദനത്തില്‍

പാണത്തൂര്‍: മീനാക്ഷി ഭായി ഇനി ഷെയ്ക്ക് സയിദ് വൃദ്ധ സദനത്തിലെ അംഗം. പനത്തടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ചാമുണ്ഡിക്കുന്നിലെ മീനാക്ഷി (74) ഭായിയെയാണ് ഉപ്പളയിലെ പുനരധിവാസ കേന്ദ്രം ഏറ്റെടുത്തത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കള്ളാറില്‍ നിന്നും ചെത്തുകയയിലേക്ക് വിവാഹം ചെയ്തു പോയ മീനാക്ഷി ഭായിയുടെ രണ്ടു മക്കളില്‍ ഒരാള്‍ അപകടത്തിലും രണ്ടാമത്തെയാള്‍ ക്യാന്‍സര്‍ ബാധിച്ചും മരണപ്പെട്ടു. തുടര്‍ന്ന് ഭര്‍ത്താവും കൂടി മരണപ്പെട്ടതോടെ പനത്തടി പഞ്ചായത്തിലേയും, കള്ളാര്‍ പഞ്ചായത്തിലേയും ബന്ധുവീടുകളിലായി താമസം. കുറേ കഴിഞ്ഞപ്പോള്‍ ബന്ധുക്കള്‍ക്ക് താനൊരു ബാധ്യതയാണെന്ന് കാര്യം ബോധ്യപ്പെട്ടപ്പോഴാണ് അവരും ഇവരുടെ ചില ബന്ധുക്കളും ചേര്‍ന്ന് പാണത്തൂരിലെ പാലിയേറ്റീവ് നേഴ്‌സ് അനിത കുമാരിയോട് ഇവരുടെ സംരക്ഷണം ആരെങ്കിലും ഏറ്റെടുക്കുമോ എന്ന കാര്യം അന്വേഷിക്കുന്നത്. അനിത കുമാരി ഇക്കാര്യം പനത്തടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാലന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവരെ പഞ്ചായത്തിലെ മറ്റൊരു ഭരണസമിതി അംഗമായ എന്‍. വിന്‍സന്റിന്റെ സഹായത്തോടുകൂടി മഞ്ചേശ്വരത്തുള്ള സായി നികേതനില്‍ പ്രവേശിപ്പിക്കുന്നത്. അവിടെ ഇവരെ 20 ദിവസം താമസിക്കുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്തു. ശേഷം ഇവരെ ഇപ്പോള്‍ ഉപ്പളയിലെ ഷെയ്ക്ക് സയിദ് വൃദ്ധ സദനത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീവിതാവസാനം വരെ ഇവരുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും മീനാക്ഷിഭായിക്ക് സന്തോഷമായി ജീവിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റി ഇര്‍ഫാന ഇഖ്ബാല്‍ പറഞ്ഞു.
അഗതികളായ 50 ഓളം പേര്‍ ഈ പുനരധിവാസ കേന്ദ്രത്തില്‍ അന്തേവാസികളായിട്ടുണ്ട്. ട്രസ്റ്റിന്റെ കീഴില്‍ സൗജന്യ ഡയാലിസിസ് കേന്ദ്രവും പ്രവര്‍ത്തിച്ചുവരുന്നു.

 

error: Content is protected !!