കേരളത്തിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍, സ്വതന്ത്ര കര്‍ഷക സംഘം നിവേദനം നല്‍കി

കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഓര്‍ഗനൈസിംഗ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി എന്നിവര്‍ കൃഷിവകുപ്പ് മന്ത്രി ടി സിദ്ദീഖുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുകയും ഇത് സംബന്ധിച്ചുള്ള നിവേദനം മന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തു. നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ റബ്ബറിന്റെ തറവില 250 രൂപയായി ഉയര്‍ത്തിയതും, കാര്‍ഷിക മേഖലയിലേക്ക് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി രൂപംകൊടുത്ത സ്ത്രീ ശാക്തീകരണ പദ്ധതിയും അടക്കം നിരവധി വിഷയങ്ങളില്‍ കര്‍ഷകരുടെ ന്യായമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ മുന്നോട്ടുവന്ന സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു. നാളികേരത്തിന് തറവില കൂടി നിശ്ചയിക്കണമെന്നും നെല്ല് സംഭരണ വില യഥാസമയം തന്നെ വിതരണം ചെയ്യണമെന്നും വന്യമൃഗ ശല്യം മൂലം കൃഷിനാശം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ വൈകരുതെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് ഭരണത്തില്‍ കൃഷി വികസന സമിതിയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട സ്വതന്ത്ര കര്‍ഷക സംഘത്തിന് പ്രാതിനിധ്യം നല്‍കണമെന്നുള്ള ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. സംസ്ഥാന വൈസ് പ്രസിഡണ്ട് സി എ അബ്ദുല്ല കുഞ്ഞി ഹാജി, സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ അബൂബക്കര്‍ ഹാജി എടനീര്‍, ലുഖ്മാന്‍ അരീക്കോട്, കാസര്‍കോട് ജില്ലാ ഭാരവാഹികളായ ഇബ്രാഹിം പാലാട്ട്, സമീര്‍ പടന്ന, എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

 

error: Content is protected !!