നീലേശ്വരം: പോലീസിനെ കണ്ടപ്പോള്‍ കാര്‍ പിറകോട്ട് എടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന്റെ കാറില്‍
നിന്നും എംഡി എം എ പിടികൂടി. കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി 9.40 ഓടെ നീലേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. മുരളീധരന്റെ നിര്‍ദ്ദേശ പ്രകാരം നീലേശ്വരം എസ് ഐ കെ. അജിതയുടെ നേതൃത്വത്തിലാണ്
മാര്‍ക്കറ്റ് ജംഗ്ഷനില്‍ വാഹന പരിശോധനക്കിടെ എം ഡി എം എയുമായി യുവാവിനെ അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട് ഭാഗത്തുനിന്നും വന്ന കെ.എല്‍ 44 ജെ. 2882 നമ്പര്‍ കറുത്ത കാര്‍ പോലിസിനെ കണ്ടപ്പോള്‍ പിറകോട്ട് എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് ജീപ്പ് കുറുകെയിട്ട് കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ സിഗരറ്റ് പാക്കറ്റില്‍ ഒളിപ്പിച്ച 1.8 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കാറും പിടിച്ചെടുത്തത് . സംഭവത്തില്‍ കണ്ണൂര്‍ ചേലോറ കാപ്പാട്ട് സജിനാസില്‍ കെ.പി ഷാനീസ് (35)നെ അറസ്റ്റ് ചെയ്തു. കേസ് ആവശ്യത്തിനായി കര്‍ണ്ണാടകയിലെ പുത്തൂര്‍ കോടതിയില്‍ പോയപ്പോള്‍ അവിടെ കണ്ട പരിചയമുള്ള ആളാണ് മയക്കുമരുന്ന് തന്നതെന്ന് പിടിയിലായ ഷാനീസ് പറഞ്ഞു. മയക്കുമരുന്ന് പിടികൂടിയ സംഘത്തില്‍ എസ്‌ഐക്ക് പുറമേ എ എസ് ഐ രമേശന്‍ , സീനിയര്‍ പോലീസ് ഓഫീസര്‍ സന്തോഷ്,ദിലീഷ് പള്ളിക്കൈ, സുജിത്ത് കൂക്കോട്ട്, സുരേന്ദ്രന്‍ ,ഡ്രൈവര്‍ അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് ഹോദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് (രണ്ട് ) കോടതിയില്‍ ഹാജരാക്കും.
