വേദികയുടെ വാര്‍ത്താവായന – ആറാം ക്ലാസ്സില്‍ നിന്നും ആറാം വര്‍ഷത്തിലേക്ക്

കാഞ്ഞങ്ങാട്: വാര്‍ത്താ വായന ദിനചര്യയാക്കിയ ഒരു വിദ്യാര്‍ത്ഥിനിയുടെ അശ്രാന്തപരിശ്രമം ഇന്ന് അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നു. കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ വേദിക എം ജിയുടെ വാര്‍ത്തകള്‍ വായിച്ച് പങ്കുവെയ്ക്കുന്ന പ്രവര്‍ത്തനമാണ് ഈ വര്‍ഷത്തെ വായനാദിനത്തോടെ ആറാം വര്‍ഷത്തിലേക്ക് എത്തി നില്‍ക്കുന്നത്. വാര്‍ത്താവായനയിലൂടെ നാട്ടിലും പുറത്തും വിദേശ മലയാളികള്‍ക്കിടയിലും ഇന്ന് ഏറെ സുപരിചിതയാണ് വേദിക. പത്രങ്ങള്‍ എളുപ്പത്തില്‍ ലഭ്യമല്ലാത്ത ഗര്‍ഫ് മലയാളികളാണ് വേദികയുടെ വാര്‍ത്തയുടെ പ്രധാന ആവശ്യക്കാര്‍. കാഞ്ഞങ്ങാട് ഏസി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി. സ്‌കൂളിലെ പഠന കാലത്ത് 2021 ജൂണ്‍ 19ന്റെ വായനാദിനത്തിലാണ് ക്ലാസുകളിലും, സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലുമായി വേദിക വാര്‍ത്തകള്‍ ശ്രോതാക്കളുമായി പങ്കുവയ്ക്കാന്‍ തുടങ്ങിയത്. വളരെ പെട്ടെന്ന് ഈ വാര്‍ത്താ വായനാ ഏറെ ചര്‍ച്ചാ വിഷ യമായി. അക്ഷരസ്ഫുടതയോടെയും വേഗത്തിലുമുളള വായന വളരെ പെട്ടെന്നു തന്നെ കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചു. രാവിലെ വീട്ടിലെത്തുന്ന വിവിധ മലയാള പത്രങ്ങളില്‍ നിന്നും പ്രധാന സംഭവങ്ങള്‍ ശേഖരിക്കുകയും അവ വായിച്ച് റെക്കോര്‍ഡ് ചെയ്ത ശേഷം നാട്ടിലും മറുനാട്ടിലുമുള്ള വിവിധ വാട്‌സ് ആപ് ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്. പത്രവാര്‍ത്തകള്‍ക്ക് മുമ്പ് ഓരോ ദിവസത്തിന്റെയും പ്രാധാന്യവും വ്യക്തമാക്കുന്ന ദേശീയ- അന്തര്‍ ദേശിയ ദിനാചരണങ്ങള്‍ സാഹിത്യം, കല കായികം , സാംസ്‌കാരികം,രാഷ്ട്രീയം തുടങ്ങിയ വിവിധമേഖലകളിലെ പ്രമുഖരുടെ ജന്മദിനങ്ങളും ചരമദിനങ്ങളും വാര്‍ത്തയുടെ തുടക്കത്തില്‍ ഉള്‍പ്പെടുത്തുന്നു.ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എല്ലാ കുട്ടികളും വാര്‍ത്ത വായിച്ച് ഗ്രൂപ്പില്‍ അയക്കാനുള്ള പ്രവര്‍ത്തനത്തില്‍ നിന്നാണ് തുടക്കം. മറ്റു കുട്ടികളെല്ലാം ഇടയ്ക്ക് വെച്ച് വായന നിര്‍ത്തിയെങ്കിലും വേദിക, വായന തുടര്‍ന്നു. വായനയില്‍ പുലര്‍ത്തുന്ന ശബ്ദ നിയന്ത്രണവും അക്ഷരസ്ഫുടതയും വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടെത്തുന്നതും വാര്‍ത്താ വായനയെ വ്യത്യസ്തമാക്കുന്നു. പ്രധാനദ്ധ്യാപകനായിരുന്ന കൊടക്കാട് നാരായണനും, മുന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.വി.ജയരാജുമാണ് അനേകം ഗ്രൂപ്പുകളിലേക്ക് വാര്‍ത്തയുടെ ഓഡിയോ അയച്ചുകൊടുക്കുന്നത്. പത്രങ്ങള്‍ക്ക് അവധിയുള്ള ദിവസങ്ങളില്‍ ടെലിവിഷന്‍, ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ശേഖരിച്ചാണ് വായന നടത്തുന്നത്.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും വേദികയുടെ വായന തടസ്സപ്പെട്ടിട്ടില്ല.വേദികയുടെ വാര്‍ത്തകള്‍ക്ക് നാട്ടില്‍ മാത്രമല്ല, ഗള്‍ഫ് നാടുകളിലെ മലയാളി വാട്സ്ആപ് ഗ്രൂപ്പുകളിലും നിരവധി ശ്രോതാക്കളുണ്ട്.മുന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, വേദികയുടെ വാര്‍ത്താവായനയെക്കുറിച്ചറിഞ്ഞ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വാര്‍ത്ത വായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു.

ഇന്‍സ്പയേര്‍ഡ് ഇന്ത്യ ഫൗണ്ടേഷന്റെ യൂത്ത് ഐകണ്‍ അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇതിനകം വേദികയെ തേടിയെത്തിയിട്ടുണ്ട്. ആറാം ക്ലാസ്സിലെ തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം പാഠപുസ്തത്തിലെ മാധ്യമങ്ങളും വിനോദവും എന്ന അദ്ധ്യായത്തില്‍ റേഡിയോ പ്രോഗ്രാം അവതരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമായിട്ടാണ് വേദികയുടെ വാര്‍ത്ത അവതരണത്തെക്കുറിച്ചുളള പത്രവാര്‍ത്തകളും ചേര്‍ത്തിട്ടുള്ളത്. അധ്യാപകരായ ഗോപി മുളവന്നൂരിന്റെയും പി.ജി. ശ്രീകലയുടെയും മകളാണ്. അമ്പലത്തറ കേശവ്ജി സ്മാരക ഗ്രന്ഥാലയത്തിലെ ബാലവേദി പ്രസിഡന്റുകൂടിയായ വേദികയുടെ വിനോദം ചെസ്സും വായനയുമാണ്. ഇഷ്ടപ്പെട്ട എഴുത്തുകാരി സുധാ മൂര്‍ത്തി.മംഗളൂരു കെ എം സിയിലെ വിദ്യാര്‍ത്ഥിനിയായ ദേവിക എം ജി ഏകസഹോദരിയാണ്.

 

error: Content is protected !!