വാഷിങ്ടണ്‍: ലോകകപ്പില്‍ റെക്കോഡ് കുറിച്ച് ജര്‍മനി. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീമായി ജര്‍മനി മാറി. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ കുറാസോയെ തകര്‍ത്തതോടെയാണ് മുന്‍ ചാമ്പ്യന്മാര്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒന്നിനെതിരേ ഏഴുഗോളുകള്‍ക്കാണ് ജര്‍മനിയുടെ ജയം.
ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കുറാസോ തുടക്കത്തില്‍ മികവ് കാട്ടിയെങ്കിലും പിന്നീട് മുന്‍ ചാമ്പ്യന്മാര്‍ ഫോമിലേക്കുയര്‍ന്നു. അതോടെ ഒന്നിന് പിറകേ ഒന്നായി ഗോള്‍ വന്നു. ജര്‍മനിയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനാവാതെ കുറാസോ താരങ്ങള്‍ കുഴങ്ങി. 7-1 ന് വിജയിച്ച് ജര്‍മനി ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി. ജയത്തോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീമായും ജര്‍മനി മാറി. ബ്രസീലിനെ മറികടന്നാണ് ജര്‍മനിയുടെ നേട്ടം. ലോകകപ്പില്‍ ജര്‍മനിയുടെ ആകെ ഗോള്‍
നേട്ടം 239 ആയി മാറി. ബ്രസീല്‍ 238 ഗോളുകളാണ് ഇതുവരെ നേടിയത്. 152 ഗോളുകളുമായി അര്‍ജന്റീന മൂന്നാമതും 136 ഗോളുകളുമായി ഫ്രാന്‍സ് നാലാമതുമാണ്. 128 ഗോളുകള്‍ നേടിയ ഇറ്റലിയാണ് പട്ടികയില്‍ അഞ്ചാമത്.
കുറാസോയ്ക്കെതിരായ പ്രകടനത്തോടെ ലോകകപ്പില്‍ കൂടുതല്‍ തവണ ഏഴോ അതിലധികമോ ഗോള്‍ നേടുന്ന ടീമായും ജര്‍മനി മാറി. നാല് തവണയാണ് ജര്‍മനി 7+ ഗോളുകള്‍ നേടിയിട്ടുള്ളത്. 2014 ലോകകപ്പ് സെമിയില്‍ ബ്രസീലിനെ 7-1 ന് ജര്‍മനി തകര്‍ത്തിരുന്നു.
