കാഞ്ഞങ്ങാട് സൗത്ത് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകനും കരിയര്‍ മാസ്റ്ററുമായ സമീര്‍ സിദ്ദീഖി മാതൃകയാവുകയാണ്. കേരള സ്റ്റേറ്റ് എയിഡ്സ് കണ്ട്രോള് സൊസൈറ്റിയും നാഷണല്‍ സര്‍വ്വീസ് സ്കീം സെല്ലും സംയുക്തമായി നടത്തുന്ന യുവ ജാഗരണ്‍ പദ്ധതിയുടെ കാസര്‍കോട് ജില്ല നോഡല്‍ ഓഫീസറുമാണ്.
ജീവന്റെ തുള്ളിയായ രക്തദാനം ചെയ്യാനായി ജീവിതം മാറ്റിവച്ച അധ്യാപകന്. ജീവന്റെ തുടിപ്പ് നിലനിര്‍ത്താന്‍ മനം നൊന്ത് വിളിക്കുന്നവര്‍ക്ക് ജീവജലം പകര്‍ന്നത് മുപ്പത് തവണ.
ജീവിച്ചിരിക്കുമ്പോള്‍ ഒരു മനുഷ്യന് നല്കാനാവുന്ന ഏറ്റവും വലിയ ദാനമാണ് രക്തദാനം. ആരുടെയും സമ്മതം ആവശ്യമില്ലാതെ ചെയ്യാനാവുന്ന പുണ്യ പ്രവൃത്തി. ലോക് ഡൗണ്‍ കാലത്തും രക്തം നല്കാന് മടിച്ചില്ല. രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് നൂറിലധികം ബോധവല്‍ക്കരണ ക്ലാസുകളും രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. കോളേജില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി രക്തദാനം നല്‍കിയത്. തിരുവനന്തപുരം റീജീയണല്‍ ക്യാന്‍സര്‍ സെന്ററില്‍ വച്ച് അഞ്ച് വയസുള്ള ക്യാന്‍സര്‍ രോഗിയ്ക്കായി രക്തം നല്‍കിയിട്ട് ബ്ലഡ് ബാങ്കില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുഞ്ഞിന്റെ അമ്മ പാരിതോഷികമായി സ്വന്തം കൈയില്‍ കിടന്ന സ്വര്‍ണ മോതിരം ഊരി നല്കിയ നിമിഷം കണ്ണും മനസും നിറഞ്ഞു പോയി. ഇത് ഒരിക്കലും മറക്കില്ലെന്നും ഈ അധ്യാപകന് പറയുന്നു.
വിവാഹ വാര്‍ഷികം, ജന്മദിനം പുതുവത്സരം, മറ്റ് ആഘോഷ ദിവസങ്ങളിലൊക്കെ ഭാര്യ തസ്നീമിനൊപ്പം പോയി രക്തം ദാനം ചെയ്യാറുണ്ട്. പ്രഷ്യസ് ഡ്രോപ്സ് ബ്ലഡ് ഡൊണേഷന്‍ ഫോറം ഏര്‍പ്പെടുത്തിയ ബസ്റ്റ് കപ്പിള്‍ അവാര്‍ഡ്, രക്ത ദാന പ്രവര്‍ത്തന രംഗത്തുള്ള സമഗ്ര സംഭാവനയ്ക്കുള്ള തെര്‍മോ പെന്‍ പോള്‍ അവാര്‍ഡ്, പ്രഷ്യസ് ഡ്രോപ്പ്സ് രക്ത ദാന പുരസ്കാരം
വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പത്തിലധികം രക്തദാന ഗ്രൂപ്പുകളിലെ അഡ്മിനും സജീവ പ്രവര്‍ത്തകനുമാണ്. മൊബൈല്‍ ഫോണില്‍ മറ്റുള്ളവരുടെ ഫോണ്‍ നമ്പര്‍ സേവ് ചെയ്യുമ്പോള്‍ പേരിനൊപ്പം രക്ത ഗ്രൂപ്പ് കൂടി ഉള്‍പ്പെടുത്തിയാല്‍ രക്തം ആവശ്യമായി വരുമ്പോള്‍ രക്ത ദാതാക്കളെ വേഗം കണ്ടു പിടിയ്ക്കാന്‍ കഴിയുമെന്ന് സമീര്‍ സിദ്ദീഖി പറയുന്നു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹവും കുടുംബവും കഴിഞ്ഞ ഒന്നര വര്‍ഷമായി കാരാട്ട് വയലിലാണ് താമസം. ഹോം ബേക്കര്‍ ആയ ഭാര്യ തസ്നിം സമീര്‍ പതിനാല് വയസുകാരനും യൂട്യൂബറുമായ റൈഹാന്‍ സമീര്‍ മകനുമാണ്.
ജൂണ്‍ 14 ലോക രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്നു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനാണ് ഈ ദിവസം മാറ്റിവെച്ചിരിക്കുന്നത്. കാള്‍ ലാന്ഡ്സ്റ്റെയ്നെര് എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണിത്.
