കാഞ്ഞങ്ങാട് : ലോക രക്തദാതാ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്ഘാടനവും സന്നദ്ധ രക്തദാതാക്കളെ ആചരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, കാഞ്ഞങ്ങാട് ജില്ലാശുപത്രി ബ്ലഡ് സെന്റര്‍, കേരള സ്റ്റേറ്റ് എയിഡ്സ് കണ്ട്രോള് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാശുപത്രി ടെലിമെഡിസിന്‍ ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി വി രമേശന് അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ബി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ടി ബി ഓഫീസര്‍ ഡോ. ആരതി രഞ്ജിത് ദിനാചരണ സന്ദേശം നല്കി. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി, വാര്‍ഡ് കൗണ്‍സിലര്‍ എം എ രേഷ്മ, ജില്ലാശുപത്രി ബ്ലഡ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. റിജിത്ത് കൃഷ്ണന്, ഡോ. ബി ഷഹര്‍ബാന, ജില്ലാശുപത്രി നഴ്സിംഗ് സൂപ്രണ്ട് സി ലളിതാംബിക, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി പി ഹസീബ് എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ജില്ലാശുപത്രി സൂപ്രണ്ട് ഡോ. ജീജ എം. പി. സ്വാഗതവും ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ബോധവത്കരണ സെമിനാറില്‍ ജില്ലാശുപത്രി ബ്ലഡ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അംഗിത ഷിബു റോബര്‍ട്ട് ക്ലാസ് എടുത്തു.
സന്നദ്ധ രക്തദാനം 36 തവണ നടത്തിയ ആനന്ദാശ്രമം ഒണ്ടങ്കുളം സ്വദേശി വി വിഷ്ണു പ്രസാദ്, 21 തവണ നടത്തിയ കൊടക്കാട് വെള്ളച്ചാല്‍ സ്വദേശിനി എ ജയശ്രീ തുടങ്ങി ജില്ലാശുപത്രി ബ്ലഡ് സെന്ററില്‍ ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ 16 പേരെ ചടങ്ങില്‍ ആദരിച്ചു. ദിനാചരണത്തോട് അനുബന്ധിച്ചു ബ്ലഡ് സെന്ററിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
‘മാനവികതയുടെ ഒരു തുള്ളി, രക്തം ദാനം ചെയ്യൂ, ജീവന് രക്ഷിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ രക്തദാതാദിന സന്ദേശം. രക്തദാനത്തേക്കാള്‍ മഹത്തരമായി മറ്റൊന്നില്ലെന്ന് ഓര്‍മ്മപ്പെടുത്തി എല്ലാ വര്‍ഷവും ജൂണ്‍ 14ന് ലോക രക്തദാതാ ദിനമായി ആചരിച്ചു വരുന്നു. കൂടുതല്‍ ആളുകളെ രക്തം ദാനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. രക്തദാനത്തെ കുറിച്ചുള്ള അറിവില്ലായ്മകളും അനാവശ്യഭയങ്ങളും മാറ്റിവെച്ച് ഈ ഒഴുകുന്ന ജീവനെ പങ്കുവെക്കാന്‍ ഓരോരുത്തരും സന്നദ്ധരാകണം എന്നതാണ് ഈ ദിനം ഓര്‍മിപ്പിക്കുന്നത്. ആദ്യമായി രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ ലാന്റ്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാതാ ദിനമായി നാം ആചരിക്കുന്നത്. 2005 മുതലാണ് ലോക രക്തദാതാ ദിനം ആചരിച്ച് തുടങ്ങിയത്. പ്രായം 18 നും 65 നും ഇടയിലുള്ള ആരോഗ്യവാനായ ഏതൊരാള്‍ക്കും രക്തദാനം ചെയ്യാം. ശരീരഭാരം 45-50 കിലോഗ്രാമില്‍ കുറയാതിരിക്കുകയും ശരീര താപനില സാധാരണ നിലയിലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 g/dL-ല്‍ കുറയരുത്. പുരുഷന്മാര്ക്ക് 3 മാസത്തിലൊരിക്കലും സ്ത്രീകള്‍ക്ക് 4 മാസത്തിലൊരിക്കലും രക്തം ദാനം ചെയ്യാം. ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ വിവിധ ബോധവത്കരണ പരിപാടികളും രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ബി. സന്തോഷ് ബി അറിയിച്ചു.
