നായ കുറുകെ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവിന് പരുക്ക്; ഒപ്പു ശേഖരണം നടത്തി നാട്ടുകാര്‍

കാഞ്ഞങ്ങാട്: നഗരസഭയിലെ നെല്ലിക്കാട്ട്, പള്ളിവയല്‍, പൈരടുക്കം, ചെമ്മട്ടംവയല്‍ എന്നിവിടങ്ങളിലെല്ലാം തെരുവുനായശല്യം രൂക്ഷമാണ്. വെള്ളിയാഴ്ച രാത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പള്ളിവയലിലെ ഓട്ടോ ഡ്രൈവര്‍ മണിയുടെ മകനും, പ്രവാസിയുമായ വിഷ്ണു(26)ന് നെല്ലിക്കാട്ട് വച്ച് നായ കുറുകെ ചാടിയത് മൂലം സ്‌കൂട്ടര്‍ മറിഞ്ഞ് സാരമായി പരിക്കേറ്റിരുന്നു. ജില്ലാ ആശുപത്രിയിലും, തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. നെല്ലിക്കാട്ട് ഉള്‍പ്പെടെ നൂറുകണക്കിന് നായ്ക്കളാണ് സൈ്വര്യവിഹാരം നടത്തുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ, ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പിന്നാലെ ഓടുന്ന നായ്ക്കള്‍ പലപ്പോഴും അപകടങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ചെമ്മട്ടംവയല്‍ ബല്ല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കവാടത്തില്‍ തന്നെ നായ്ക്കള്‍ നിലയുറപ്പിക്കുന്നത് വിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെടെ വന്‍ ഭീതിയാണുണ്ടാക്കിയിരിക്കുന്നത്. തെരുവുനായശല്യത്തിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും ഇടപെടലുണ്ടാകാത്തതിനെതുടര്‍ന്ന് നഗരസഭാ ചെയര്‍മാന് നല്‍കാന്‍ നാട്ടുകാര്‍ ഒപ്പുശേഖരണം നടത്തി ഇന്ന് കൈമാറുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

error: Content is protected !!