കാഞ്ഞങ്ങാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഊര്‍ജ്ജ നയം വേണം കെ.ഇ.ഇ.സി (ഐഎന്‍ടിയുസി) കാസര്‍കോട് സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനും മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കെ.എസ്.ഇ.ബിയിലെ ഭരണപരമായ വീഴ്ചകള്‍ അവസാനിപ്പിക്കുന്നതിനും അടിയന്തര ഊര്‍ജ്ജ നയം രൂപീകരിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ട് വ്യാപാര ഭവനില്‍ നടന്ന സമ്മേളനം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായ ഗവണ്‍മെന്റ് ചെയ്യേണ്ട ഫോണ്‍ അഴിമതിയും മറ്റ് സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുക, ഒഴിവുള്ള തസ്തികകള്‍ അടിയന്തരമായി നികത്തുക, വലിയ സെക്ഷന്‍ ഓഫീസുകള്‍ വിഭജിച്ച് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, വിതരണ ശൃംഖല ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം മുന്നോട്ടുവെച്ചു. ചെറുകിട ജലവൈദ്യുത പദ്ധതികള്‍, കാറ്റാടി വൈദ്യുതി നിലയങ്ങള്‍, സോളാര്‍ പാര്‍ക്കുകള്‍ എന്നിവ വിപുലീകരിച്ച് കാസര്‍കോട് ജില്ലയിലെ വൈദ്യുതി ഉല്‍പ്പാദന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പി. ജയചന്ദ്രന്‍ പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. ടി.കെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.ജി. ദേവ്, ഡി.സി.സി. വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. സിബി കുട്ടി ഫ്രാന്‍സീസ്, സംസ്ഥാന സെക്രട്ടറി ഷമീം നാട്യമംഗലം തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. സര്‍വീസില്‍ നിന്ന് വിരമിച്ച അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍, ലൈന്‍മാന്‍, ഇലക്ട്രിസിറ്റി വര്‍ക്കര്‍മാര്‍ എന്നിവരടങ്ങുന്ന ഒന്‍പത് ജീവനക്കാരെ ആദരവും യാത്രയയപ്പ് നല്‍കി.
വിവിധ സംഘടനാ നേതാക്കളായ പി.വി. ചന്ദ്രശേഖരന്‍, ഷാഹുല്‍ ഹമീദ് , മഹേഷ് കരിമ്പില്‍, പി.ഷരീഫ് പി, എം. മോഹനന്‍, കെ. എം അജിത്ത് കുമാര്‍, അരുണ്‍ കുമാര്‍, കെ എം.പവിത്രന്‍ , അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി കെ.വി. ഗോപകുമാര്‍ സ്വാഗതവും
ജില്ലാ ട്രഷറര്‍ കെ. സുധീര്‍ നന്ദിയും പറഞ്ഞു.
