ആരോരുമില്ലാത്തവന് ആ നാട് തന്നെ ബന്ധുവായി; നീലേശ്വരത്ത് മരിച്ച അന്തേവാസിക്ക് കാഞ്ഞങ്ങാട് അന്ത്യവിശ്രമം ഒരുക്കി നന്മമരം പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല ചുമട്ടു തൊഴിലാളി ജോസിന്റെ മൃതദേഹം നന്മമരം കാഞ്ഞങ്ങാടിന്റെ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. കഴിഞ്ഞദിവസം നീലേശ്വരം മാര്‍ക്കറ്റ് പരിസരത്തു റോഡരികില്‍ കുഴഞ്ഞു വീണു കിടന്നിരുന്ന ജോസിനെ 108 ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. കണ്ണൂര്‍ തോട്ടട സ്വദേശി ആണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കുടുംബമോ ബന്ധുക്കളോ ആരും തന്നെ ഉള്ളതായി അറിവില്ല. മൃതദേഹം ഏറ്റെടുക്കാന്‍ ആരുമില്ലാതെ വന്നതോടെ നീലേശ്വരം പോലിസ് കാഞ്ഞങ്ങാട്ടെ നന്മമരം ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകരെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു കാഞ്ഞങ്ങാട് നഗരസഭയുടെ അനുമതിയോടെ നന്മമരം പ്രവര്‍ത്തകര്‍ പുതിയകോട്ട പൊതുസ്മാശാനത്തില്‍ സംസ്‌കരിച്ചു. ആരോരുമില്ലാത്ത അനാഥരുടെ അവസാന യാത്രയില്‍ ഒപ്പം ചേര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത് സഹജീവികളോടുള്ള ഉത്തരവാദിത്വമായാണ് നന്മമരം കാഞ്ഞങ്ങാട് കണ്ടുവരുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 20ല്‍ അധികം മൃതദ്ദേഹങ്ങള്‍ ഏറ്റെടുത്തു സംസ്‌കരിക്കാന്‍ നന്മമരം കാഞ്ഞങ്ങാടിന്റെ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.
ബിബി ജോസ്, ബിനീഷ് കെ ബാലന്‍ , റഹ്‌മാന്‍ പാണത്തുര്‍, ഫവാസ് കുശാല്‍ നഗര്‍, ആശിഷ് ഹോസ്ദുര്‍ഗ്, ആംബുലന്‍സ് ഡ്രൈവര്‍ അഷ്റഫ്, ഹമീദ് മുണ്ടോട്ട്, ഷിബു നോര്‍ത്ത് കോട്ടച്ചേരി, എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!