കാഞ്ഞങ്ങാട്: ട്രെയിന്‍ തട്ടി റെയില്‍പ്പാളത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടന്ന യുവാവിനെ, ഉടുത്തിരുന്ന കാവിമുണ്ട് അഴിച്ചു നല്കി ആംബുലന്‍സ് എത്തും മുന്‍പേ ആശുപത്രിയിലെത്തിക്കാന്‍ രക്ഷാശ്രമം നടത്തിയ
നിത്യാനന്ദ യുവ ബ്രിഗേഡ് പ്രവര്ത്തകന് കുശാല്‍ നഗറിലെ കെ. സന്തോഷിന്റെ സമയോചിത ഇടപെടല്‍ നാടിന് മാതൃകയാകുന്നു. ഇന്നലെ രാവിലെ 10.50-നാണ് കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റ്മാന് ഫോണില്‍ വിളിച്ച് കാഞ്ഞങ്ങാട് സൗത്തിനും നിത്യാനന്ദ ആശ്രമത്തിനും ഇടയില്‍ ഒരാള്‍ക്ക് ട്രെയിന്‍ തട്ടിയെന്ന് സന്തോഷിനെ അറിയിച്ചത്. അപ്പോള്‍ നിത്യാനന്ദ ആശ്രമത്തിലുണ്ടായിരുന്ന സന്തോഷ് ഒരു നിമിഷം പോലും പാഴാക്കാതെ റെയില്‍പ്പാളത്തിലേക്ക് ഓടിയെത്തി.
കാഞ്ഞങ്ങാട് സൗത്ത് ഭാഗത്തേക്ക് തിരച്ചില്‍ നടത്തുന്നതിനിടെ സുഹൃത്ത് കാഞ്ഞങ്ങാട് സൗത്തിലെ സുനിലിനെയും വിവരമറിയിച്ചു. സുനില്‍ സൗത്തില്‍ നിന്ന് ആശ്രമം ഭാഗത്തേക്കും സന്തോഷ് എതിര്‍ദിശയിലേക്കും പാളത്തിലൂടെ അന്വേഷിച്ച് നടന്നു. അപ്പോഴാണ് പത്തായപുരയ്ക്ക് സമീപം റെയില്‍പ്പാലത്തിന് നടുവിലായി യുവാവ് ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോള്‍ ജീവനുണ്ടെന്ന് മനസ്സിലായി. ഉടന്‍ ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്ത് എത്തി. ഫയര്‍ഫോഴ്സ് ആംബുലന്‍സിനെയും വിവരം അറിയിച്ചു. എന്നാല്‍ ആംബുലന്‍സ് എത്താന്‍ വൈകുമെന്ന് മനസ്സിലാക്കിയ സന്തോഷ്, ഉടുത്തിരുന്ന കാവിമുണ്ട് അഴിച്ചു നല്കി സ്ട്രെച്ചറാക്കി പോലീസുകാര്‍ക്കൊപ്പം ചേര്‍ന്ന് പരിക്കേറ്റ യുവാവിനെ ആംബുലന്‍സ് വരുന്ന സ്ഥലത്തേക്ക് എടുത്തുകൊണ്ടു പോവുകയായിരുന്നു.
വെള്ളിക്കോത്ത് ആലിങ്കീല്‍ വീട്ടില്‍ കമലയുടെ മകന് അനീഷ് (37) ആണ് ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റത്.
ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി. പുതിയകോട്ടയിലെ പച്ചക്കറി കടയിലെ ജീവനക്കാരനാണ്.
ഇത് ആദ്യത്തെ രക്ഷാപ്രവര്‍ത്തനമല്ല
സന്തോഷിന്റെ മനുഷ്യസ്നേഹം ഇതാദ്യമല്ല. കഴിഞ്ഞ ആഴ്ചയും ഇതേപോലെ ട്രെയിന്‍ തട്ടി വീണ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷിക്കാന്‍ പോലീസിനൊപ്പം ആദ്യം ഓടിയെത്തിയത് സന്തോഷായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കുശാല്‍നഗറില്‍ അമ്മയും കുഞ്ഞും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍, ഓടുന്ന തീവണ്ടിക്ക് മുന്നില്‍ നിന്ന് ഇരുവരെയും അത്ഭുതകരമായി പിടിച്ചുമാറ്റി രക്ഷപ്പെടുത്തിയതും സന്തോഷാണ്.
കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിത്യാനന്ദ യുവ ബ്രിഗേഡ് അംഗമായ സന്തോഷിന്റെ ഈ സമയോചിത ഇടപെടലിന് വലിയ അഭിനന്ദനമാണ് സാമൂഹിക മാധ്യമങ്ങളിലും നാട്ടിലും ലഭിക്കുന്നത്. ‘ആപത്തില്‍ സ്വന്തം ഉടുമുണ്ട് വരെ അഴിച്ചുകൊടുക്കാന്‍ മടിക്കാത്ത മനസ്സ്’ എന്നാണ് നാട്ടുകാര്‍ സന്തോഷിനെ വിശേഷിപ്പിക്കുന്നത്.
