കാഞ്ഞങ്ങാട്: സജിത്തിന്റെ സത്യസന്ധതയ്ക്ക് ഒരു ജീവന്റെ വിലയുണ്ട്. ഫോണില്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് ലോട്ടറി സ്റ്റാള്‍ ഉടമയായ സജിത്ത് സൂക്ഷിച്ച ടിക്കറ്റിന് 30 ലക്ഷം രൂപ അടിച്ചു. പുല്ലൂര്‍ തടത്തിലെ ഡ്രൈവര്‍ ബിജു വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് പെരിയ ബസ്റ്റോപ്പിലെ കുലവന്‍ ലോട്ടറി സ്റ്റാള്‍ ഉടമ പാറപ്പള്ളി കുമ്പളയിലെ ടി സജിത് സൂക്ഷിച്ചുവെച്ച ഡി കെ 765564 നമ്പര്‍ ധനലക്ഷ്മി ലോട്ടറി ടിക്കറ്റിനാണ് ഇന്നലെ നറുക്കെടുത്ത ധനലക്ഷ്മി ഭാഗ്യക്കുറിയുടെ രണ്ടാംസമ്മാനമായ 30 ലക്ഷം രൂപ അടിച്ചത്. തനിക്ക് വേണ്ടി നീക്കിവെച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ ഏതാണെന്ന് ബിജു അറിഞ്ഞിരുന്നില്ല. ബിജുവിന് വേണ്ടി മാറ്റിവെച്ച ടിക്കറ്റിന് 30 ലക്ഷം അടിച്ചപ്പോള്‍ ഇക്കാര്യം മറച്ചുവെക്കാതെ തിരുവനന്തപുരത്തുള്ള ബിജുവിനെ വിളിച്ച് അറിയിച്ച് സജിത് സത്യസന്ധത കാണിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ബസ്റ്റാന്‍ഡ് ബില്‍ഡിങ്ങിലെ സംസം ലോട്ടറി ഹോള്‍സെയില്‍ ഷോറുമില്‍ നിന്നാണ് പ്രജിത്ത് ലോട്ടറി വാങ്ങിയത്. ബിജുവിന്റെ മകള്‍ എട്ടാംതരം വിദ്യാര്‍ഥിനിയായ അന്‍വിത അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയിലാണ്. നാട്ടുകാര്‍ ചികില്‍സാ സഹായകമ്മിറ്റി രൂപീകരിച്ച് നല്ലൊരു തുക ബിജുവിന്റെ കുടുംബത്തിന് കൈമാറിയിരുന്നു.മാസങ്ങളായി ചികില്‍സ തുടരുന്നതിനാല്‍ പണം ഇനിയും ആവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ 30 ലക്ഷത്തിന്റെ ലോട്ടറി അടിച്ചത് ബിജുവിനും കുടുംബത്തിനും ആശ്വാസമായി. കുട്ടിയുടെ ചികില്‍സാര്‍ഥം ബിജു തിരുവനന്തപുരത്തായതിനാല്‍ നാട്ടിലെത്താന്‍ കഴിഞ്ഞിട്ടില്ല. നാട്ടിലെത്തിയാലുടന്‍ ബിജുവിന് ടിക്കറ്റ് കൈമാറുമെന്ന് സജിത്ത് പറഞ്ഞു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന സജിത്തിന് വര്‍ഷങ്ങള്‍ക്ക് ഭൂതപ്പാനിയുടെ കുത്തേറ്റ് കുറേ നാള്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടിവന്നു. പണത്തിന് അത്യാവശ്യമുണ്ടായിട്ടുപോലും 30 ലക്ഷം അടിച്ച ടിക്കറ്റ് അതിന്റെ അവകാശിക്ക് നല്‍കാന്‍ സജിത്ത് തീരുമാനിക്കുകയായിരുന്നു. ഭൂതപ്പാനിയുടെ ആക്രമണം മൂലമുള്ള ശാരീരിക അവശതകള്‍ സജിത്തിനെ വിട്ടുമാറിയിട്ടില്ല. പിന്നീട് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ലോട്ടറി വില്പന രംഗത്തേക്ക് തിരിഞ്ഞത്.
