പെരിയ ഇരട്ടക്കൊലപാതക കേസ്: പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചു

കാസര്‍കോട്: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ക്ക് വീണ്ടും കൂട്ട പരോള്‍ അനുവദിച്ചു. കേസിലെ ഒന്നാം പ്രതി എ. പീതാംബരന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പായി ഇരുപത് ദിവസത്തെ പരോള്‍ അനുവദിച്ചിരിക്കുന്നത്. ഒന്നാം പ്രതി പീതാംബരന് പുറമെ, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ആറാം പ്രതി അശ്വന്‍, പതിനഞ്ചാം പ്രതി വിഷ്ണു സുര (സുരേഷ്) എന്നിവര്‍ക്കാണ് പരോള്‍ അനുദിച്ചത്. പരോളില്‍ ഇറങ്ങിയ പ്രതികള്‍ ഇവരുടെ വീടുകളില്‍ എത്തി. ഇതിനു പുറമെ മറ്റു പ്രതികളായ സജി സി ജോര്‍ജ്, ആര്‍ ശ്രീരാഗ്, സുബീഷ്, ടി. രഞ്ജിത്ത്, എ സുരേന്ദ്രന്‍ എന്നിവര്‍ക്ക് കൂടി പരോള്‍ അനുവദിച്ചിരിക്കുന്നത് ഇവര്‍ രണ്ടു ദിവസത്തിനകം പരോളില്‍ ഇറങ്ങും. 2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും ക്രൂരമായി കൊല ചെയ്യപ്പെടുന്നത്. സിബിഐ പ്രത്യേക കോടതി ഈ കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളും കോണ്‍ഗ്രസ് നേതൃത്വവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ തങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണെന്നും, കൊടുംകുറ്റവാളികളെ സംരക്ഷിക്കാന്‍ പ്രത്യേക താല്പര്യം കാണിക്കുന്നുവെന്നും കുടുംബം ആരോപിക്കുന്നു. മുന്‍പും ഈ കേസിലെ പ്രതികള്‍ക്ക് ഇത്തരത്തില്‍ പരോള്‍ അനുവദിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ച്ചയായ പരോള്‍ അനുവദിക്കുന്നതിനെതിരെ നിയമപരമായി നേരിടാന്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇരകളുടെ കുടുംബങ്ങള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരുന്ന പ്രതികള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരോള്‍ നല്‍കിയതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ ഉള്‍പ്പെടുന്ന ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന കര്‍ശന വ്യവസ്ഥകളോടെയാണ് ഇവര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇത് ലംഘിച്ചു തന്നെ കഴിഞ്ഞ ദിവസം ഇറങ്ങിയ അഞ്ച് പ്രതികള്‍ വീടുകളില്‍ സന്ദര്‍ശനം നടത്തിയതായി വിവരം പുറത്തുവന്നിട്ടുണ്ട്. പരോള്‍ ലഭിച്ച പ്രതികള്‍ നിലവില്‍ കാസര്‍കോട് ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷന്‍ പരിധികളിലുള്ള ബന്ധുവീടുകളിലാണ് താമസിക്കണമെന്നാണ് വ്യവസ്ഥ.

 

error: Content is protected !!