കാസര്‍കോട് ജില്ലയ്ക്ക് 42 വയസ്സ്; കലക്ടറുടെ ശുപാര്‍ശയും ലാന്‍ഡ് റവന്യൂ റിപ്പോര്‍ട്ടും ചുവപ്പുനാടയില്‍; ‘നീലേശ്വരം താലൂക്ക്’ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ കണ്ണ് തുറക്കുമോ?

നീലേശ്വരം: കാസര്‍കോട് ജില്ല രൂപീകൃതമായിട്ട് 42 വര്‍ഷം തികയുമ്പോഴും, ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനമായ നീലേശ്വരം കേന്ദ്രീകരിച്ച് പുതിയ താലൂക്ക് രൂപീകരിക്കണമെന്ന നാടിന്റെ ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ ഇപ്പോഴും കണ്ണ് അടച്ചിരിക്കുകയാണ്. 1984 മെയ് 24ന് കാസര്‍കോട് ജില്ല ഔദ്യോഗികമായി രൂപീകൃതമായ അന്ന് മുതല്‍ക്കേ ഉയര്‍ന്നുവന്ന ഈ ആവശ്യത്തിന് ജില്ലയോളം തന്നെ പഴക്കമുണ്ട്. ജില്ല പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ താലൂക്കിനായി നീലേശ്വരത്ത് ജനകീയ കര്‍മ്മസമിതി രൂപീകരിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നാല് പതിറ്റാണ്ടിലധികം കാലം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഫയലുകളില്‍ ഉറങ്ങുമ്പോള്‍, നാട് ഒരേസ്വരത്തില്‍ ഉന്നയിക്കുന്ന ഈ ന്യായമായ ആവശ്യം ഇപ്പോഴും ചുവപ്പുനാടയില്‍ തന്നെയാണ്.

ഹര്‍ത്താലിന്റെ ചരിത്രവും കരുണാകരന്റെ ഉറപ്പും

1984 മെയ് 24ന് കണ്ണൂര്‍ ജില്ല വിഭജിച്ച് കാസര്‍കോട് ജില്ല യാഥാര്‍ത്ഥ്യമാകുന്ന വേളയില്‍, പുതിയ ജില്ലയ്‌ക്കൊപ്പം നീലേശ്വരം ആസ്ഥാനമായി താലൂക്കും പ്രഖ്യാപിക്കണമെന്ന ആവശ്യം നാടൊന്നാകെ ഉന്നയിച്ചിരുന്നു. ഇതിനായി രൂപീകരിക്കപ്പെട്ട കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് ശക്തമായ ഹര്‍ത്താല്‍ ആചരിച്ചാണ് ജനങ്ങള്‍ തങ്ങളുടെ വികാരം പ്രകടിപ്പിച്ചത്. ജനകീയ പ്രതിഷേധം ശക്തമായതോടെ, അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കുമെന്ന കര്‍മ്മസമിതി ഭാരവാഹികള്‍ക്ക് വ്യക്തമായ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. വികസന കാര്യത്തില്‍ നീലേശ്വരത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം മുന്‍നിര്‍ത്തിയായിരുന്നു അന്നത്തെ മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. എന്നാല്‍ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും, മുഖ്യമന്ത്രിതലത്തില്‍ നല്‍കിയ ആ ഉറപ്പ് നടപ്പിലാക്കാന്‍ തുടര്‍ന്നുവന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല എന്നത് ചരിത്രപരമായ അവഗണനയായി അവശേഷിക്കുന്നു.
2013ല്‍ മലയോര മേഖലയുടെ വികസനം മുന്‍നിര്‍ത്തി വെള്ളരിക്കുണ്ട് താലൂക്ക് യാഥാര്‍ത്ഥ്യമായപ്പോഴും നീലേശ്വരത്തിന്റെ അവകാശവാദത്തെ റവന്യൂ വകുപ്പ് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്. പിന്നീട് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് ഈ ജനകീയ ആവശ്യത്തിന്മേല്‍ വലിയൊരു പ്രതീക്ഷ കൈവന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ജില്ലാ കലക്ടര്‍, കാഞ്ഞങ്ങാട് തഹസില്‍ദാര്‍ വഴി ഒരു സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ക്കുകയുണ്ടായി. നീലേശ്വരം താലൂക്ക് രൂപീകരണത്തെ അനുകൂലിച്ച് സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത 15 രാഷ്ട്രീയ പാര്‍ട്ടികളും ഒരേസ്വരത്തിലാണ് സംസാരിച്ചത്. വികസന കാര്യത്തില്‍ രാഷ്ട്രീയ ഭേദമന്യേ നാട് ഒപ്പമുണ്ടെന്ന പ്രഖ്യാപനമായിരുന്നു അത്.
ഈ സര്‍വ്വകക്ഷി യോഗത്തിന്റെ വികാരവും അനുകൂല ഘടകങ്ങളും കൃത്യമായി രേഖപ്പെടുത്തിക്കൊണ്ട് ജില്ലാ കലക്ടര്‍ സര്‍ക്കാരിലേക്ക് അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ലാന്‍ഡ് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ അന്തിമ അനുമതിക്കായി കൈമാറുകയും ചെയ്തു. എന്നാല്‍, ഇത്രയും സുപ്രധാനമായ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായിട്ടും ഫയല്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ റവന്യൂ വകുപ്പിന്റെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. താലൂക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയുടെ കുറവാണോ അതോ ഉദ്യോഗസ്ഥ തലത്തിലെ അവഗണനയാണോ തടസ്സമെന്ന ചോദ്യം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.

നീലേശ്വരം താലൂക്ക് എന്തുകൊണ്ട് അനിവാര്യം?

നിലവിലുള്ള ഹോസ്ദുര്‍ഗ് താലൂക്കിന്റെ അമിത ജോലിഭാരം കുറയ്ക്കാനും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വേഗത്തില്‍ സേവനം ലഭ്യമാക്കാനും നീലേശ്വരം താലൂക്ക് രൂപീകരണം അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയെ കൈകാര്യം ചെയ്യുന്ന താലൂക്കുകളിലൊന്നാണ് ഹോസ്ദുര്‍ഗ്. ഇതിന്റെ വിഭജനം റവന്യൂ വകുപ്പിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും.
നീലേശ്വരം നഗരസഭ, മടിക്കൈ, കിനാനൂര്‍കരിന്തളം, ചെറുവത്തൂര്‍, വലിയപറമ്പ്, പിലിക്കോട്, തൃക്കരിപ്പൂര്‍, പടന്ന, കയ്യൂര്‍ചീമേനി തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളുടെ കേന്ദ്രഭാഗത്താണ് നീലേശ്വരം സ്ഥിതി ചെയ്യുന്നത്. തീരദേശ മേഖലയായ വലിയപറമ്പ് ദ്വീപിലെ ജനങ്ങള്‍ക്കും മലയോരത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ക്കും ഒരേപോലെ എത്തിപ്പെടാന്‍ എളുപ്പമുള്ള ഇടമാണിത്. നീലേശ്വരം താലൂക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ പടിഞ്ഞാറ് വലിയപറമ്പ് കായലോര വികസനം മുതല്‍ കിഴക്ക് കിനാനൂര്‍കരിന്തളം വരെയുള്ള കാര്‍ഷികടൂറിസം മേഖലകളുടെ സമഗ്രമായ വികസന ഏകോപനത്തിന് ഒരു താലൂക്ക് അഡ്മിനിസ്‌ട്രേഷന്‍ സംവിധാനം വലിയ കരുത്താകും. ഇന്ന് നീലേശ്വരം ഒരു നഗരസഭയാണ്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, സബ് ട്രഷറി, പോലീസ് സര്‍ക്കിള്‍ ഓഫീസ് (ഇന്‍സ്‌പെക്ടര്‍ ഓഫീസ്), മുനിസിപ്പല്‍ ഓഫീസ്, കെ.എസ്.ഇ.ബി ഡിവിഷന്‍ ഓഫീസ് തുടങ്ങിയ സംവിധാനങ്ങള്‍ ഇതിനകം തന്നെയുണ്ട്.

ലീഡറുടെ ഉറപ്പ് അനുയായികള്‍ നടപ്പിലാക്കുമോ?

1984 മെയ് 24ന് കാസര്‍കോട് ജില്ല പ്രഖ്യാപിക്കുന്ന വേളയില്‍ നീലേശ്വരത്ത് നടന്ന ഹര്‍ത്താലും ജനകീയ പ്രക്ഷോഭവും ശാന്തമാക്കാന്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ നേരിട്ടാണ് താലൂക്ക് രൂപീകരണ ഉറപ്പ് നല്‍കിയത്. ‘ലീഡര്‍’ ഒരു വാക്ക് പറഞ്ഞാല്‍ അത് നടപ്പിലാക്കുമെന്ന വിശ്വാസ
ത്തിലായിരുന്നു അന്ന് കര്‍മ്മസമിതിയും ജനങ്ങളും. എന്നാല്‍ വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ആ ഉറപ്പ് ഫയലുകളില്‍ വിശ്രമിക്കുകയാണ്. ഇന്ന് രാഷ്ട്രീയ രംഗത്തുള്ള പല പ്രമുഖരും ജനപ്രതിനിധികളും കരുണാകരന്റെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്നവരോ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവരോ ആണ്. ഈ സാഹചര്യത്തില്‍, അന്ന് ലീഡര്‍ നല്‍കിയ ആ ചരിത്രപരമായ ഉറപ്പ് നടപ്പിലാക്കാന്‍ അദ്ദേഹത്തിന്റെ അനുയായികളും ഇന്നത്തെ ഭരണാധികാരികളും ആത്മാര്‍ത്ഥമായി മുന്‍കൈ എടുക്കുമോ എന്നാണ് ജനങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
കലക്ടറുടെയും ലാന്‍ഡ് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും അനുകൂല റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. റവന്യൂ വികേന്ദ്രീകരണം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും, രാഷ്ട്രീയ അതിര്‍വരമ്പുകള്‍ക്കപ്പുറം കൂട്ടായ സമ്മര്‍ദ്ദം ശക്തമാക്കി ചുവപ്പുനാടയില്‍ നിന്നും ഫയല്‍ മോചിപ്പിച്ച് നീലേശ്വരം താലൂക്ക് എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണമെന്നുമാണ് പൊതുസമൂഹത്തിന്റെ അടിയന്തര ആവശ്യം.

 

error: Content is protected !!