പൊയിനാച്ചി: ചുട്ടുപൊള്ളുന്ന വെയിലില്‍ സഞ്ചാരികളുടെ കണ്ണിനും മനസിനും കുളിര്‍മയേകി സംസ്ഥാന യുവകര്‍ഷക അവാര്‍ഡ് ജേതാവ് ശ്രീവിദ്യയുടെ പൂങ്കാവനം അഗ്രി ഫാം. വിവിധ വര്‍ണങ്ങളിലുള്ള തണ്ണിമത്തനും കണിവെള്ളരിക്കും പിന്നാലെ സൂര്യകാന്തിപ്പൂക്കള്‍ കൂടി മിഴിതുറന്നതോടെ ഫാമില്‍ സഞ്ചാരികളുടെ തിരക്കേറി.
പൊയിനാച്ചി ടൗണില്‍ ആശീര്‍വാദ് ഓഡിറ്റോറിയത്തിന്റെ എതിര്‍വശം പെട്രോള്‍ പമ്പിനു പിന്നിലായിട്ടാണ് ശ്രീവിദ്യയുടെ കൃഷിയിടം. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷനു കീഴില്‍ ഫാം ടൂറിസം സംരംഭമെന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് സൂര്യകാന്തിപ്പൂക്കള്‍ക്കും കൃഷിയിടത്തിലെ മറ്റു കാഴ്ചകള്‍ക്കും ഇടയില്‍ നിന്ന് ഫോട്ടോകളും വീഡിയോകളും എടുക്കാനും റീലുകള്‍ ചിത്രീകരിക്കാനുമൊക്കെ സൗകര്യമുണ്ടാകും. ചെടികള്‍ക്കും പൂക്കള്‍ക്കും ഫലങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടാക്കരുതെന്ന നിബന്ധന മാത്രമേയുള്ളൂ. വ്യക്തികള്‍ക്ക് 30 രൂപയും ഒരു കുടുംബം ഒരുമിച്ചെത്തുമ്പോള്‍ ആളെണ്ണം നോക്കാതെ100 രൂപയുമാണ് പ്രവേശന ഫീസ്.
ആഴ്ചകള്‍ക്കു മുമ്പു വരെ ചുവപ്പും ഓറഞ്ചും മഞ്ഞയും നിറങ്ങളിലുള്ള അകക്കാമ്പുകളോടു കൂടിയ വിവിധയിനം തണ്ണിമത്തനായിരുന്നു ശ്രീവിദ്യയുടെ ഫാമിന്റെ ഏറ്റവും വലിയ ആകര്‍ഷണം. തണ്ണിമത്തന്‍ വാങ്ങാനും ഫാമില്‍ വച്ചുതന്നെ കഴിക്കാനും സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ എത്തിയിരുന്നു. തണ്ണിമത്തന്റെയും പച്ചക്കറികളുടെയും സീസണ്‍ കഴിയാറായപ്പോഴാണ് സൂര്യകാന്തി തൈകള്‍ നട്ടത്. കഴിഞ്ഞയാഴ്ചയോടെയാണ് സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞുതുടങ്ങിയത്. എല്ലാം വിരിഞ്ഞുകഴിഞ്ഞപ്പോള്‍ കൃഷിയിടം ഗുണ്ടല്‍പ്പേട്ടിലെ സൂര്യകാന്തിപ്പാടങ്ങളോളം മനോഹരമായി. ചുട്ടുപൊള്ളുന്ന പാറയും ചുവന്ന മണ്ണുമുള്ള പൊയിനാച്ചി പോലൊരു സ്ഥലത്ത് ഇങ്ങനെയൊരു വസന്തമൊരുക്കാന്‍ കഴിഞ്ഞതിനു പിന്നിലുള്ള ശ്രീവിദ്യയുടെ കഠിനാധ്വാനവും അര്‍പ്പണബോധവും എടുത്തുപറയേണ്ടതാണ്. വിഷുക്കാലം പ്രമാണിച്ച് കണിവെള്ളരികളും വില്പനയ്‌ക്കൊരുക്കിയിട്ടുണ്ട്. ശ്രീവിദ്യയുടെ ഫാം കാണാനും ചിത്രീകരണം നടത്താനും താത്പര്യമുള്ളവര്‍ക്ക് 9656454980 എന്ന നമ്പറില്‍ ബന്ധപ്പെടാം.
