ഭൗമസൂചിക വന്നില്ല; എരിക്കുളം മണ്‍പാത്രങ്ങള്‍ക്ക് മൂല്യവര്‍ധിത വിപണിക്കു വേണ്ടിയും കാത്തിരിപ്പ് മാത്രം

കാഞ്ഞങ്ങാട്: ജില്ലയുടെ മണ്‍പാത്ര ഗ്രാമമായ എരിക്കുളത്തു നിന്നുള്ള മണ്‍പാത്രങ്ങള്‍ക്ക് ഭൗമസൂചികാ പദവി നല്‍കാനുള്ള നടപടികള്‍ മെല്ലെപ്പോക്കില്‍. മികച്ച നിലവാരവും ഔഷധഗുണവുമുണ്ടെന്ന് തെളിയിക്കപ്പെട്ട എരിക്കുളം മണ്‍പാത്രങ്ങള്‍ക്ക് കൂടുതല്‍ മൂല്യവര്‍ധിത വിപണികള്‍ ലഭ്യമാക്കുമെന്ന വ്യവസായ വകുപ്പിന്റെ വാഗ്ദാനവും എങ്ങുമെത്തിയില്ല. ഇതോടെ വിഷുക്കാലമെത്തുമ്പോള്‍ പതിവുപോലെ കലങ്ങളുമായി പാതയോരങ്ങളിലിരിക്കേണ്ട അവസ്ഥയിലാണ് എരിക്കുളത്തെ മണ്‍പാത്ര തൊഴിലാളികള്‍.
മുന്‍കാലങ്ങളില്‍ കലങ്ങള്‍ തലച്ചുമടായി കൊണ്ടുപോയി വില്പന നടത്താറുണ്ടായിരുന്നു. പക്ഷേ പൊരിവെയിലത്തെ അലച്ചിലിനൊത്ത വില്പന ലഭിക്കാതായതോടെയാണ് ഇവര്‍ പാതയോര വില്പനയെ ആശ്രയിക്കാന്‍ തുടങ്ങിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലും കണ്ണൂരിലുമുള്‍പ്പെടെ നടക്കുന്ന വിഷു വിപണനമേളകളിലും എരിക്കുളത്തു നിന്നുള്ള മണ്‍പാത്രങ്ങള്‍ വില്പനയ്‌ക്കെത്തുന്നുണ്ട്.
പരമ്പരാഗതമായി മണ്‍പാത്രങ്ങളുടെ വില്പന ഏറ്റവും കൂടുതല്‍ നടക്കുന്നത് വിഷുക്കാലങ്ങളിലാണ്. കലങ്ങള്‍ക്ക് അരിമാവു കൊണ്ടുള്ള വരയും കുറിയും വരച്ചാണ് കണിക്കലങ്ങളൊരുക്കുന്നത്. സാധാരണ രൂപത്തിലുള്ള മണ്‍കലങ്ങള്‍ക്കൊപ്പം പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കൊത്ത് ചെറുപാത്രങ്ങളും മണ്‍ചട്ടി, കൂജ തുടങ്ങിയവയും വില്പനയ്‌ക്കെത്തിക്കുന്നുണ്ട്. അലുമിനിയം പാത്രങ്ങള്‍ മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അറിഞ്ഞുതുടങ്ങിയതോടെ പലരും വീണ്ടും മണ്‍പാത്രങ്ങളെ തേടിയെത്തുന്നുണ്ടെന്നും ഇവര്‍ പറയുന്നു. പക്ഷേ ഉല്പാദനച്ചെലവിനും അധ്വാനത്തിനുമൊത്ത് സ്ഥിരമായ വിപണിയും വിലയും കിട്ടാത്തതാണ് ഇവരുടെ പ്രധാന പ്രശ്‌നം.
ഓരോ വര്‍ഷവും വിഷു കഴിഞ്ഞ് മഴക്കാലം തുടങ്ങുന്നതിനു മുമ്പുള്ള ദിനങ്ങളിലാണ് പരമ്പരാഗത മണ്‍പാത്ര തൊഴിലാളികള്‍ എരിക്കുളം വയലില്‍നിന്ന് മണ്ണ് ശേഖരിക്കുന്നത്. എരിക്കുളം വയലിലെ കളിമണ്ണില്‍ 20 ശതമാനം കാല്‍സ്യവും മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ മൂലകങ്ങളും അടങ്ങിയിട്ടുള്ളതായി ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്നു വ്യത്യസ്തമായി കാല്‍സ്യത്തിന്റെ അളവിലുള്ള വര്‍ധനയാണ് ഇവിടുത്തെ കളിമണ്ണിനെ വേറിട്ടതാക്കുന്നത്. ഈ കളിമണ്ണിന്റെ ഗുണവും ഇവിടുത്തെ പരമ്പരാഗത നിര്‍മാണശൈലിയുടെ പ്രത്യേകതകളുമാണ് ഭൗമസൂചികാ പദവി കിട്ടാനുള്ള വഴിതുറന്നത്.
വയലില്‍ നിന്ന് ശേഖരിച്ച് പണിപ്പുരകള്‍ക്കു സമീപം കൂട്ടിവയ്ക്കുന്ന മണ്ണ് ഇടവപ്പാതിക്കാലത്ത് മഴയില്‍ കുതിരുമ്പഴണ് പാത്രനിര്‍മാണം തുടങ്ങുന്നത്. പണിപ്പുരകളില്‍ ചുട്ടെടുക്കുന്ന പാത്രങ്ങള്‍ ഓണക്കാലം മുതല്‍ വില്പനയ്‌ക്കെത്തിത്തുടങ്ങും. വിഷുക്കാലത്ത് ഒരു വര്‍ഷത്തെ പാത്രങ്ങളെല്ലാം വിറ്റുതീര്‍ന്നതിനു ശേഷം അടുത്ത വര്‍ഷത്തേക്കുള്ള മണ്ണ് ശേഖരിക്കുകയായിരുന്നു മുന്‍കാലങ്ങളിലെ രീതി. പക്ഷേ ഇപ്പോള്‍ പലപ്പോഴും പാത്രങ്ങള്‍ പണിപ്പുരകളില്‍ കെട്ടിക്കിടക്കുന്ന നിലയാണെന്ന് തൊഴിലാളികള്‍ പറയുന്നു.

 

error: Content is protected !!