കാഞ്ഞങ്ങാട്: മണ്ണറിഞ്ഞ് പണിയെടുത്താല്‍ പൊന്ന് വിളയുമെന്ന് തെളിയിക്കുകയാണ് കാഞ്ഞങ്ങാട്ടെ ഒരു കൂട്ടം കൃഷി സ്‌നേഹികള്‍. കാഞ്ഞങ്ങാട് നഗരസഭയിലെ അടമ്പില്‍ വാര്‍ഡില്‍ കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ബല്ല വില്ലേജ് കമ്മിറ്റിക്ക് കീഴിലുള്ള ‘ബല്ല കൃഷിക്കൂട്ടം’ തങ്ങളുടെ മൂന്നാം വിളവെടുപ്പിന്റെ ആവേശത്തിലാണ്. ചെമ്മട്ടംവയല്‍ കുറ്റിക്കാല്‍ ബല്ല പാടശേഖരത്തിലെ കുറ്റിക്കാല്‍ വയലില്‍ നടന്ന കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി മാറി.
പ്രവാസികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ
മണ്ണ് കൈവിടാത്ത 23 പേരുടെ നിശ്ചയദാര്‍ഢ്യമാണ് ഈ വിജയത്തിന് പിന്നില്‍. സര്‍ക്കാര്‍ ജീവനക്കാര്‍, ഐടി പ്രൊഫഷണലുകള്‍, പ്രവാസികള്‍, വ്യാപാരികള്‍ എന്നിവര്‍ കര്‍ഷകര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്നാണ് വിത്തിട്ടത്.നാട്ടുകാരുടെ പരിപൂര്‍ണ്ണ പിന്തുണയും കൃഷിക്കൂട്ടത്തിനുണ്ട് വെറും കൃഷി എന്നതിലുപരി, പാടത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടായിരുന്നു ഇവരുടെ തുടക്കം.
വിഷുവിന് ‘ബല്ല റൈസ്’ എത്തും
കഴിഞ്ഞ നവംബറില്‍ നട്ട ‘പൗര്‍ണമി’ ഇനം നെല്ലാണ് ഇപ്പോള്‍ കൊയ്ത്തിന് പാകമായത്. വിഷുവിന് വിഷരഹിതമായ തനി നാടന്‍ അരി മലയാളികളുടെ കയ്കളില്‍ എത്തിക്കുക എന്നതാണ് ഈ കൃഷിക്കൂട്ടത്തിന്റെ ലക്ഷ്യം. ‘ബല്ല റൈസ്’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത അരിക്ക് വിപണിയില്‍ വലിയ പ്രിയമാണുള്ളത്.
ഉത്സവാന്തരീക്ഷത്തില്‍ കൊയ്ത്തുത്സവം
കണ്ണൂര്‍ ഡിവൈഎസ്പി സി.കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കൃഷിക്കൂട്ടം പ്രസിഡന്റ് പി. തമ്പാന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, കെ.വി. രതീഷ്, എ. പ്രദീപ് കുമാര്‍, എന്‍. ഗോപി, എന്‍. മുരളി, മധു കവ്വായി എന്നിവര്‍സംസാരിച്ചു.. കൃഷിക്കൂട്ടം സെക്രട്ടറി എം. മനോജ് കുമാര്‍ സ്വാഗതവും കെ.വി. ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.
