നീലേശ്വരം നഗരസഭയും ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂര്‍, പിലിക്കോട്, കയ്യൂര്‍ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് തൃക്കരിപ്പൂര്‍ മണ്ഡലം. നീലേശ്വരം, കയ്യൂര്‍ചീമേനി, പിലിക്കോട്, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ എല്‍ഡിഎഫിനും തൃക്കരിപ്പൂരിലും ഈസ്റ്റ് എളേരിയിലും യുഡിഎഫിനും വ്യക്തമായ മുന്‍തൂക്കമുണ്ട്. പടന്നയിലും വലിയപറമ്പിലും വെസ്റ്റ് എളേരിയിലും ഇരുമുന്നണികളും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. നീലേശ്വരം, ചെറുവത്തൂര്‍, പിലിക്കോട്, കയ്യൂര്‍ചീമേനി, പടന്ന, വെസ്റ്റ് എളേരി പഞ്ചായത്തുകള്‍ എല്‍ഡിഎഫും തൃക്കരിപ്പൂര്‍, ഈസ്റ്റ് എളേരി, വലിയപറമ്പ് പഞ്ചായത്തുകള്‍ യുഡിഎഫുമാണ് നിലവില്‍ ഭരിക്കുന്നത്. സമീപകാലം വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ചെന്തീക്കനലിന്റെ നിറമായിരുന്നു തൃക്കരിപ്പൂര്‍ മണ്ഡലത്തിന്. മുഖ്യമന്ത്രിമാരായിരുന്ന ഇഎംഎസിനെയും ഇ.കെ. നായനാരെയും തെരഞ്ഞെടുത്തയച്ച മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എം. രാജഗോപാലന്‍ 26,137 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. രാജഗോപാലന്‍ 86,151 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസിലെ എം.പി..ജോസഫ് 60,014 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപിയിലെ ടി.വി. ഷിബിന്‍ 10,961 വോട്ടുകളുമാണ് നേടിയത്. പക്ഷേ അതുകഴിഞ്ഞു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 10,448 വോട്ടുകളുടെ മികച്ച ലീഡ് നല്‍കി തൃക്കരിപ്പൂര്‍ എല്‍ഡിഎഫിനെ ഞെട്ടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ലീഡ് തിരിച്ചുപിടിച്ചെങ്കിലും യുഡിഎഫുമായുള്ള വോട്ടുവ്യത്യാസം 6,010 വോട്ടുകള്‍ മാത്രമായിരുന്നു. ഇതോടെയാണ് ആഞ്ഞുപിടിച്ചാല്‍ ജയിക്കാവുന്ന മണ്ഡലങ്ങളുടെ കൂട്ടത്തില്‍ യുഡിഎഫ് തൃക്കരിപ്പൂരിനെ എണ്ണിത്തുടങ്ങിയത്. അതിനുവേണ്ടിത്തന്നെയാണ് പാലക്കാട്ടുനിന്ന് സന്ദീപ് വാര്യരെ തൃക്കരിപ്പൂരിലെത്തിച്ചത്.
കഴിഞ്ഞ മണ്ഡല പുനര്‍നിര്‍ണയത്തോടെയാണ് തൃക്കരിപ്പൂരിന്റെ ചുവപ്പുരാശി മങ്ങിത്തുടങ്ങിയത്. അത് നന്നായറിയാവുന്ന എല്‍ഡിഎഫ് നേതൃത്വം അതിനുശേഷം മിക്കപ്പോഴും സ്ഥാനാര്‍ഥികളുടെ മികവിലൂടെയാണ് വെല്ലുവിളി മറികടന്നത്. രണ്ടടേം പൂര്‍ത്തിയാക്കിയ എം. രാജഗോപാലനു പകരം നാട്ുകാരന്‍ തനനെയായ വി.പി.പി. മുസ്തഫയെയാണ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.
കുറച്ചുകാലം മുമ്പുവരെ എന്‍സിപി ജില്ലാ പ്രസിഡന്റെന്ന നിലയില്‍ എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന രവി കുളങ്ങരയാണ് ട്വന്റി20 യുടെ ബാനറില്‍ എന്‍ഡിഎയ്ക്കു വേണ്ടി കളത്തിലിറങ്ങിയിരിക്കുന്നത്. ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംഗ് ബിരുദാനന്തര ബിരുദധാരിയായ രവി തീയ്യക്ഷേമസഭയുടെ സംസ്ഥാന പ്രസിഡന്റുമാണ്.
വ്യക്തിബന്ധങ്ങളുടെ കരുത്തില്‍ മുസ്തഫ
തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളിലെ യുഡിഎഫിന്റെ പരമ്പരാഗത വോട്ടുബാങ്കുകളില്‍ നിന്നുപോലും വ്യക്തിപരമായി വോട്ടുകള്‍ നേടിയെടുക്കാന്‍ തൃക്കരിപ്പൂരിലെ സമാരാധ്യനായിരുന്ന വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലരുടെ കുടുംബാംഗമായ മുസ്തഫയ്ക്ക് കഴിയുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമാണ് മുസ്തഫ. മൂന്നുതവണ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. പിഎച്ച്ഡി ബിരുദധാരിയായ മുസ്തഫയുടെ അക്കാദമിക മികവും പ്രസംഗമികവും ജനകീയതയുമെല്ലാം എല്‍ഡിഎഫ് മണ്ഡലത്തില്‍ ചര്‍ച്ചയാക്കുന്നുണ്ട്. ദീര്‍ഘകാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉറച്ച വ്യക്തിബന്ധങ്ങളുണ്ടാക്കാനും മുസ്തഫയ്ക്ക്കഴിഞ്ഞി്ടുണ്ട്.
ജനക്കൂട്ടത്തെ ആകര്‍ഷിച്ച് സന്ദീപ് വാര്യര്‍
മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ ചലനമുണ്ടാക്കാന്‍ സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന സന്ദീപ് വാര്യരുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ കഴിയുമെന്ന് യുഡഎഫ പ്രതീക്ഷിക്കുന്നു. മുന്‍ ബിജെപി നേതാവായ സന്ദീപ് ഇപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും വക്താവുമാണ്. പാലക്കാട് ജില്ലയിലെ ചെത്തല്ലൂര്‍ സ്വദേശിയാണ്. വി.പി.പി. മുസ്തഫയും സന്ദീപ് വാര്യരും ചാനല്‍ ചര്‍ച്ചകളില്‍ പലതവണ ഇരുമുന്നണികളെയും പ്രതിനിധീകരിച്ചിട്ടുണ്ട്. സന്ദീപിന്റെ സ്വീകരണയോഗങ്ങളിലെ മികച്ച ജനപങ്കാളിത്തമാണ് യുഡിഎഫ് ശുഭസൂചനയായി കാണുന്നത്. അതേസമയം ബിജെപിക്ക് സ്വന്തമായി സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യത്തില്‍ അവരുടെ വോട്ടുകള്‍ സന്ദീപ് വാര്യര്‍ക്കെതിരായി മറുവശത്തേക്ക് മറിയുമോ എന്ന ആശങ്കയും യുഡിഎഫ് ക്യാമ്പിലുണ്ട്.
വ്യക്തിപരമായി വോട്ടുകള്‍ നേടാന്‍ രവി കുളങ്ങര
നാട്ടുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എന്‍ഡിഎ സ്ഥാനാര്‍ഥി രവി കുളങ്ങരയ്ക്ക് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യക്തിപരമായി വോട്ടുകള്‍ നേടാന്‍ കഴിവുണ്ട്. അങ്ങനെ പിടിക്കുന്ന വോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടില്‍ നിന്നാകുമോയെന്ന ആശങ്കയാണ് എല്‍ഡിഎഫിനുള്ളത്.
