കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക; വിസ്ഡം ജില്ലാ ഫാമിലി കോണ്‍ഫറന്‍സ്; വിസ്ഡം ജില്ലാ ഫാമിലി കോണ്‍ഫറന്‍സിന് ഉജജ്വല സമാപനം

കാഞ്ഞങ്ങാട്: കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകള്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി. ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തില്‍ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ജില്ലാ ഫാമിലി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
ധാര്‍മ്മികത നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കുടുംബ സംവിധാനത്തെ തകര്‍ക്കാന്‍ കാരണമാകുന്ന എല്ലാ ചിന്താ ധാരകളും സമൂഹത്തിന്റെ പിന്നോട്ട് പോക്കിന് മാത്രമേ കാരണമാവുകയുള്ളൂ. കുടുംബ സംവിധാനം നേരിടുന്ന വെല്ലുവിളികള്‍ക്ക് ക്രിയാത്മക പരിഹാര മാര്‍ഗങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും മഹല്ല് കമ്മിറ്റികളും മുന്നോട്ട് വരണം.

സംസ്ഥാനത്ത് വയോജന സൗഹാര്‍ദ്ദാന്തരീക്ഷം നഷ്ടപ്പെട്ടു വരുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും
സംസ്ഥാനത്ത് വയോജന സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു
പ്രീ മാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലുകള്‍ മഹല്ല് കമ്മിറ്റികള്‍ സ്ഥിരം പദ്ധതിയായി ഏറ്റെടുക്കണം. വൈവാഹിക രംഗത്തെ സ്ത്രീധനത്തിനും ധൂര്‍ത്തിനും ആഭാസങ്ങള്‍ക്കും തടയിടാന്‍ ക്രിയാത്മക കൂട്ടായ്മകള്‍ രൂപപ്പെടണം.

പുതുതലമുറയിലെ ആത്മഹത്യാ പ്രവണതകളെ പഠന വിധേയമാക്കി അടിസ്ഥാന പരിഹാരങ്ങള്‍ നടപ്പാക്കാന്‍ സമുദായം ഒറ്റക്കെട്ടായി നിലകൊള്ളണം. ലഹരിയുടെ അതിവ്യാപനം പിരിമുറുക്കുന്ന സാഹചര്യത്തില്‍ ലഘുവായ ശിക്ഷകള്‍ നിഷ്‌കര്‍ഷിക്കുന്ന 1985 ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്യാട്രിക് സപ്സ്റ്റന്‍സ് ആക്ട് പരിഷ്‌കരിച്ച് ലഹരി വസ്തുക്കള്‍ വിപണനം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷ നടപ്പാക്കാന്‍ കേരള നിയമസഭ പുതിയ നിയമ നിര്‍മ്മാണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു .

ജില്ലയില്‍ എസ്.എസ് .എല്‍ .സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും
പ്ലസ് ടു പ്രവേശനം സര്‍ക്കാര്‍ ഉറപ്പുവരുത്തണം.  ഇക്കാര്യത്തില്‍ ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളും, ജില്ലാ പഞ്ചായത്തും ബാധ്യത നിര്‍വ്വഹിക്കണം. ലഹരി ഉപയോഗം തടയാന്‍ വ്യവസ്ഥാപിതമായ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തണം. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും പ്രവാചകാനുയായികളുടെ രീതിശാസ്ത്രമനുസരിച്ച് പഠിക്കുവാന്‍ സാധാരണക്കാര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതാണ് മുസ്ലിം സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതയുക്തിവാദവും വ്യാപകമാവാനുള്ള കാരണമെന്നതിനാല്‍ വ്യവസ്ഥാപിതമായ മതപഠനം പ്രായഭേദമന്യേ വ്യാപകമാക്കലാണ് പരിഹാരമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സമ്മേളനം വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍.അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു .വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റ് എം .മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു .
എന്‍.എ .നെല്ലിക്കുന്ന് എം .എല്‍ .എ ,കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല ,മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ,സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി.രമേശന്‍ ,
കെ പി സി സി എക്‌സിക്യൂട്ടീവ് മെമ്പര്‍ ഹക്കീം കുന്നില്‍ ,ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു .

പീസ് റേഡിയോ സി.ഇ .ഒ പ്രൊഫസര്‍ ഹാരിസ് ബിന്‍ സലീം കുടുംബ പ്രശ്‌നങ്ങള്‍ പരിഭവം വേണ്ട പരിഹാരമുണ്ട്
എന്ന വിഷയത്തിലും ഡോ: അബ്ദുല്ല ബാസില്‍ സി.പി °കുടുംബങ്ങളില്‍ സംഭവിക്കുന്നത് ‘ എന്ന വിഷയത്തിലും സി.പി .സലീം കുടുംബത്തെ നയിക്കാം ഒഴുക്കിനെതിരെ എന്ന വിഷയത്തിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു .വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന വിഷയത്തില്‍ ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യ പ്രഭാഷണം നടത്തി .ഖുര്‍ആന്‍ മധുരം സെഷന് ബസ്മല്‍ ചുരി , യാസിര്‍ അല്‍ ഹികമി നേതൃത്വം നല്കി. ശിഹാബ് മൊഗ്രാല്‍ പ്രമേയം അവതരിപ്പിച്ചു .സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ മല്‍സരങ്ങളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിസ്ഡം ജില്ലാ സെക്രട്ടറി അബൂബക്കര്‍ ഉപ്പള ആമുഖ ഭാഷണം നടത്തി .വിസ്ഡം ജില്ലാ പ്രസിഡന്റ് ബഷീര്‍ കൊമ്പനടുക്കം , വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫഹൂം, സെക്രട്ടറി അനീസ് മദനി, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി റഹീസ് പട്‌ള, കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയംഗം ഖാലിദ് കൂളിയങ്കാല്‍ ,ഡോ: ഫാരിസ് മദനി ,അഷ്‌ക്കര്‍ ഇബ്‌റാഹിം ,വിസ്ഡം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ കാഞ്ഞങ്ങാട്, ഹമീദ് മൈത്താള്‍, ശരീഫ് തളങ്കര ,അബ്ദുല്‍ഹക്കീം എന്നിവര്‍ പ്രസംഗിച്ചു.ജില്ലയിലെ എട്ട് മേഖലകളില്‍ നിന്നായി ആയിരങ്ങള്‍സംബന്ധിച്ചു.

Spread the love
error: Content is protected !!