തീരത്തോട് ചേര്‍ന്ന് മത്സ്യബന്ധനം: രണ്ടു ബോട്ട് പിടിയില്‍; 4.5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്

നീലേശ്വരം: തീരത്തോട് ചേര്‍ന്ന് രാത്രികാലത്ത് അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ടു ബോട്ട് പിടിയില്‍.
കഴിഞ്ഞ ദിവസം രാത്രി ഫിഷറീസ് വകുപ്പും തൃക്കരിപ്പൂര്‍, ഷിറിയ , ബേക്കല്‍ കോസ്റ്റല്‍ പോലീസും സംയുക്തമായി നടത്തിയ രാത്രികാല പാട്രോളിങ്ങിലാണ് രണ്ടു കര്‍ണ്ണാടക ബോട്ടുകള്‍ പിടിയിലായത്. ഉടമകളില്‍ നിന്നും അഡ്ജുടിക്കേഷന്‍ നടപടികള്‍ക്ക് ശേഷം കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എ ലബീബ് 4.5 ലക്ഷം രൂപ പിഴ ഈടാക്കി.

നിയമാനുസൃത രേഖകള്‍ ഇല്ലാതെയും തീരത്തിനോട് ചേര്‍ന്ന് രാത്രികാല ട്രോളിങ്ങ് നടത്തുകയും ചെയ്തതിനാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിച്ചത്.കര്‍ണ്ണാടക ബോട്ടുകളായ അലീസ, സാഗര്‍ സമ്പത്ത്,എന്നീ ബോട്ടുകളാണ് തൃക്കരിപ്പൂര്‍ തീരത്ത് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ ചൊവ്വാഴ്ച രാത്രി 10.45 മണിയോടെ പിടികൂടിയത്. ഫിഷറീസ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആര്‍. ജുഗ്‌നുവിന്റെ നിര്‍ദ്ദേശപ്രകാരം ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.പി ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള പട്രോളിങ്ങ് സംഘമാണ് ബോട്ട് പിടികൂടിയത്. മറൈന്‍ എന്‍ഫോര്‍സ്‌മെന്റ് എസ്.സി.പി.ഒ വിനോദ് കുമാര്‍,ഷിറിയ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ്.സി പി. ഒ സൂരജ് കോസ്റ്റല്‍ വാര്‍ഡന്‍ സജിന്‍ , തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ് സി പി ഒ സുധീര്‍, കോസ്റ്റല്‍ വാര്‍ഡന്‍ അനുകേത് , കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ബേക്കല്‍ എസ് സിപി ഒ രാജീവന്‍ , എസ് സി പി ഒ പവിത്രന്‍ ,റസ്‌ക്യൂ ഗാര്‍ഡ് മാരായ ശിവകുമാര്‍, ധനീഷ്, അക്ബര്‍ അലി, പ്രീജിത്ത്, ബിനീഷ് സ്രാങ്ക് നാരായണന്‍ , വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Spread the love
error: Content is protected !!