കേരള വികസനത്തിന് തുരങ്കം വെക്കാന്‍ കോണ്‍ഗ്രസ്- ബി ജെ. പി ഒത്തുകളി: പ്രൊഫ. മുഹമ്മദ് സുലൈമാന്‍

കാഞ്ഞങ്ങാട്: കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കാന്‍ കോണ്‍ഗ്രസ്- ബി ജെ. പി ഒത്തുകളി നടക്കുകയാണെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. കൊടി പിടിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്നത് മുസ്ലിം
ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തം ആണ്. ആദര്‍ശ രാഷ്ട്രീയം സംരക്ഷിക്കാന്‍ ലീഗുകാര്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ ഡി എഫ് അജാനൂര്‍ വെസ്റ്റ് ലോക്കല്‍ തിരഞ്ഞെടുപ്പ് റാലി നോര്‍ത്ത് കോട്ടച്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സംഘപരിവാറിന്റെ ഗൂഡനീക്കങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകുന്ന പിണറായി വിജയന്റെ ഭരണത്തെ അട്ടിമറിക്കാന്‍ ആണ് ശ്രമം. ജനകീയനും ധീരനുമായ പിണറായി വിജയനെ എല്ലാവരും പിന്തുണക്കണം. കേരളത്തിന്റെ വികസനം ആണ് അദ്ദേഹത്തിന്റെ ലക്ഷ്യം.ഡല്‍ഹിയില്‍ സമരം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നയിച്ച ആവശ്യം ന്യായമായിരുന്നു. പദ്ധതികള്‍ അട്ടിമറിക്കാന്‍ കേരളത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക വിഹിതം പിടിച്ചു വെച്ച കേന്ദ്ര നടപടി അങ്ങേയറ്റം അപലപനീയമാണ്. ലൈഫ് പദ്ധതിയും ക്ഷേമ പദ്ധതികളും കിഫ്ബി പദ്ധതികളും മുടക്കാന്‍ യു.ഡി.എഫും ബി.ജെ. പിയും ഒത്തുകളിക്കുകയാണ്. കേരളത്തിന്റെ സമസ്ത പുരോഗതിക്കായി പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് യു.ഡി.എഫിനും സംഘ പരിവാറിനും സഹിക്കുന്നില്ല. ഇലക്ടറല്‍ ബോണ്ടിലൂടെ കോടികള്‍ അടിച്ചു മാറ്റാനും
ഇവര്‍ സഖ്യത്തിലാണെന്നും മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.

മനുഷ്യന്റെ ജീവിതത്തിന് മുകളില്‍ ബുള്‍ഡോസര്‍ കയറ്റി ഇറക്കുകയാണ് യു.പി യില്‍ യോഗി ആതിഥ്യനാഥ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ശുദ്ധികലശം നടത്തുന്ന കെട്ട കാലമാണ് മോദിയുടെ ഭരണകാലം. അധ: സ്ഥിത പിന്നോക്ക പട്ടിക വിഭാഗം രാജ്യത്ത് കടുത്ത ദുരിതത്തിലാണ്. മനുഷ്യനെ വിഭജിക്കുന്ന പ്രത്യയ ശാസ്താണ് ആര്‍.എസ്.എസ് നടപ്പിലാക്കുന്നത്. ഇതിനെതിരായി യോജിച്ച പോരാട്ടം ഉയര്‍ന്നുവരണമെന്നും ഈ തിരഞ്ഞെടുപ്പ് അതിന് പറ്റിയ അവസരം ആണെന്നും മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. യോഗത്തില്‍ അസിനാര്‍ അധ്യക്ഷത വഹിച്ചു. മുന്‍. എം. പി പി. കരുണാകരന്‍, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ. വി കൃഷ്ണന്‍, ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം. എ ലത്തീഫ്, ആര്‍ ജെ ഡി ജില്ലാ പ്രസിഡന്റ് വി വി കൃഷ്ണന്‍,
എന്‍. സി. പി. എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, ജെ. ഡി. എസ് ജില്ലാ പ്രസിഡന്റ് പി പി രാജു, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി. ടി നന്ദകുമാര്‍, കോണ്‍ഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ അന്‍വര്‍ സാദത്ത്, മൊയ്തീന്‍ കുഞ്ഞി കളനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. എം. വി രാഘവന്‍സ്വാഗതംപറഞ്ഞു.

Spread the love
error: Content is protected !!