പാലക്കുന്ന് ക്ഷേത്രത്തില്‍ നാളെ മുതല്‍ മറുത്തു കളിക്ക് തുടക്കം: 2018 ലാണ് അവസാനമായി ഇവിടെ മറുത്തു കളി നടന്നത് 

പാലക്കുന്ന് : അഞ്ചു വര്‍ഷത്തിന് ശേഷം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര തിരുമുറ്റം പൂരോത്സവത്തിന്റെ ഭാഗമായി മറുത്തുകളിക്ക് വേദിയാകുന്നു. രാത്രിനാളിലെ പൂരക്കളിയുടെ തുടര്‍ച്ചയായി പകല്‍കളി ദിവസമായ 21 മുതല്‍ 23 വരെയാണ് പ്രത്യേക പണിക്കന്മാരെ വെച്ച് മറുത്തു കളി അരങ്ങേറുന്നത്. കഴകത്തിലെ മൂന്ന് തറകള്‍ കേന്ദ്രീകരിച്ചുള്ള മറുത്തുകളിയും തുടര്‍ന്നുള്ള പന്തല്‍ക്കളിയും കരിപ്പോടിയിലെ പെരുമുടിത്തറയില്‍ 16നും കളിങ്ങോത്തെ മേല്‍ത്തറയില്‍ 20നും അവസാനിച്ചു. കീഴൂരിലെ കീഴ്ത്തറയില്‍ 21ന് പൂര്‍ത്തിയാകും.
പാലക്കുന്ന് ക്ഷേത്ര തിരുമുറ്റത്ത് 21ന് പെരുമുടിത്തറയിലെ രാജീവന്‍ കൊയങ്കര പണിക്കരും മേല്‍ത്തറയിലെ രാജേഷ് അണ്ടോള്‍ പണിക്കരും 22ന് പെരുമുടിത്തറ പണിക്കരും കീഴ്ത്തറയിലെ ബാബു അരയി പണിക്കറും മറത്തുകളി നടത്തും. 23ന് ഇവര്‍ മൂവരും തമ്മിലുള്ള ഒത്തുകളിയും നടക്കും.ക്ഷേത്ര പണിക്കര്‍ കുഞ്ഞിക്കോരനും ഒപ്പമുണ്ടാകും. തൃപ്പൂണിത്തറ ഗവ. സംസ്‌കൃത കോളേജ് ജ്യോതിഷ വിഭാഗം തലവന്‍ ഡോ.ഇ.എന്‍ . ഈശ്വരന്‍ നമ്പൂതിരി അധ്യക്ഷനായി മറുത്തുകളി നിയന്ത്രിക്കും.
മുന്‍ കാലങ്ങളില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ പാലക്കുന്ന് ക്ഷേത്രത്തില്‍ മറുത്തു കളി നടത്തിയിരുന്നു. നിലവില്‍
പതിവ് ഉത്സവ ക്രമമനുസരിച്ച് ഇവിടെ പൂരോത്സവത്തിന് മറുത്തു കളി നടത്തുന്ന രീതിയില്ല. ക്ഷേത്ര കലണ്ടറില്‍ പോലും മറുത്തുകളി ഉത്സവത്തിന്റെ ഭാഗമായി ചിട്ടപ്പെടുത്താറില്ല. വടക്കേ മലബാറിലെ മറ്റു തീയ കഴകങ്ങളില്‍ പൂരോത്സവത്തിന് പൂരക്കളിയും മറുത്തുകളിയും പരസ്പര പൂരകങ്ങളാണ്. പക്ഷേ പാലക്കുന്നില്‍ മറുത്തുകളി പൂരോത്സവത്തിന്റെ സ്ഥിരം ഭാഗമല്ല.ഇനി അടുത്ത മറുത്തുകളി എന്നാണെന്നു മുന്‍കൂട്ടി പറയാനും വയ്യ.

മറത്തു കളി

മറുത്തുകളിയിലെ പ്രമേയങ്ങളെല്ലാം സംസ്‌കൃത സാഹിത്യത്തിലെ ശബ്ദാര്‍ഥ അസാധാരണത്വത്തില്‍ അതിഷ്ഠതമാണ് . അത് മലയാളത്തില്‍ വ്യാഖ്യാനിച്ച് തങ്ങളുടെ അറിവിന്റെ മികവ് പൊതുസമക്ഷം അവതരിപ്പിച്ച്
പണിക്കന്മാര്‍ മിടുക്ക് കാട്ടും . ഇരു പക്ഷവും തര്‍ക്കം മൂത്ത് വിഷയത്തില്‍ നിന്ന് അകന്ന് പോകുമ്പോള്‍ അധ്യക്ഷന്‍ ഇടപെട്ട് തീര്‍പ്പ് കല്പ്പിച്ച് അടുത്ത വിഷയത്തിലേക്ക് കടക്കും. ഇത് കണ്ടു പഠിക്കാനും രസിക്കാനും നിരവധി പേര്‍ ഈ ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തും. ഒന്നാം പൂരനാളായ 23ന് പൂവിടലിന് ശേഷം പെരുമുടിത്തറ പണിക്കരും സംഘവും കളിക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് മറ്റു പണിക്കന്മാരും സംഘവും കളിയില്‍ അണി ചേരും. ഒന്നാം നിറം മുതല്‍ 18നിറം വരെയും രാമായണവും ചീന്തും കളിച്ച് സന്ധ്യക്ക് ശേഷം വന്ദന, നാട്യം, നാടകം, യോഗി എന്നിവ പൂര്‍ത്തിയാക്കി മൂന്ന് പണിക്കന്മാരും കുളികഴിഞ്ഞ് കച്ചയും ചുറ്റി ‘ആണ്ടും പള്ളും’ പാടി പൊലിപ്പിച്ച്
വിളക്കെടുക്കുന്നതോടെ പൂരക്കളി സമാപിക്കും. തുടര്‍ന്ന് രാത്രി പൂരോത്സവത്തിന്റെ വിശേഷാല്‍ ചടങ്ങായ പൂരംകുളി നടക്കും. അഞ്ചു വര്‍ഷത്തിന് ശേഷം നടക്കുന്ന
മറുത്ത്കളിക്ക് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ രാവിലെ ഭക്തര്‍ക്ക് തുലാഭാര സമര്‍പ്പണം നടത്താവുന്നതാണ്.

Spread the love
error: Content is protected !!