പാലക്കുന്നുത്സവത്തിന് ‘ഭരണി കുറിക്കല്‍’ 5ന് ; അമേയയ്ക്ക് ഭരണിക്കുഞ്ഞാകാന്‍ രണ്ടാമൂഴം

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രോത്സവത്തിന് ഭരണി കുഞ്ഞാകാന്‍ അമേയയ്ക്ക് രണ്ടാം നിയോഗം. ഭരണി കുറിക്കല്‍ ദിവസമായ ചൊവ്വാഴ്ച പകല്‍ അമേയയെ ഭണ്ഡാര വീട്ടിലെ പടിഞ്ഞാറ്റയിലിരുത്തി ശിരസ്സില്‍ അരിയും പ്രസാദവുമിട്ട് ഭരണികുഞ്ഞായി വാഴിക്കും.ഉദുമ പെരിയവളപ്പില്‍ പി. വി. പ്രകാശന്റെയും കെ. വി. ശ്രീജയുടെയും ഇളയ മകളായ പി.വി. അമേയ ഉദുമ ഗവ. എല്‍. പി. സ്‌കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്നു. ചേച്ചി ദിയ ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. കുറുംബാദേവി ക്ഷേത്രങ്ങളില്‍ മീന മാസത്തിലാണ് പൊതുവെ ഭരണി ഉത്സവം നടക്കുന്നത്.

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ടുത്സവവുമായി ബന്ധപ്പെട്ടാണ് പാലക്കുന്ന് ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് തുടക്കം കുറിക്കുന്നത് . ആറാട്ടുത്സവം കൊടിയിറങ്ങുന്നതോടെ പ്രതീകാത്മകമായി ആ കമ്പയും കയറും ഏറ്റുവാങ്ങി പാലക്കുന്ന് ഭരണിയ്ക്ക് കോടിയേറ്റുന്നതാണ് രീതി. കുംഭത്തിലെ പഞ്ചമി നാളിലാണ് തൃക്കണ്ണാട് കൊടിയേറ്റുന്നത്. അതനുസരിച്ചാണ് പാലക്കുന്നിലെ ഉത്സവ തീയതികള്‍ ക്രമപ്പെടുക.അത് മിക്ക വര്‍ഷവും കുംഭത്തില്‍ ആയിരിക്കുമെന്നതിനാല്‍ ദേവിയുടെ നക്ഷത്രമായ ഭരണി നാളില്‍ പിറന്ന കഴക പരിധിയില്‍ നിന്നുള്ള പത്ത് വയസ്സ് കവിയാത്ത ബാലികയെ ഭരണികുഞ്ഞായി അരിയിട്ട് വാഴിക്കുന്നതാണ് വഴക്കം.
ദേവിയുടെ നക്ഷത്ര പ്രതീകമായി അമേയ ആചാര സ്ഥാനികരോടൊപ്പം കൊടിയേറ്റം മുതല്‍ കൊടിയിറക്കം വരെ ഉത്സവ ചടങ്ങുകളില്‍പങ്കെടുക്കും.

Spread the love
error: Content is protected !!