local news

‘കനല്‍വഴികള്‍’ ഡോക്യു-സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു

നീലേശ്വരം: ബാലസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് എം സ്‌കെയ്പ്പ് പ്രൊഡക്ഷന്‍ തയ്യാറാക്കിയ ‘കനല്‍വഴികള്‍’ ഡോക്യു-സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
നീലേശ്വരം പാലായിയില്‍ നടക്കുന്ന സമ്മേളന നഗരിയില്‍ വച്ചായിരുന്നു ചടങ്ങ്. മുന്‍ എം.എല്‍.എ കെ.പി. സതീഷ് ചന്ദ്രനാണ് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്. മുന്‍ എം.പി പി. കരുണാകരന്‍, എം. രാജന്‍, സി. പ്രഭാകരന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, പ്രൊഫ. കെ.പി. ജയരാജന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.സ്വാതന്ത്ര്യത്തിനും സമത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നടന്ന പോരാട്ടങ്ങളുടെ ചരിത്രം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ഡോക്യു-സിനിമയാണ് ‘കനല്‍വഴികള്‍’. ലോകചരിത്രത്തിലെ വിപ്ലവങ്ങള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം, കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍, കര്‍ഷകത്തൊഴിലാളി സമരങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കുന്ന ചിത്രം കാസര്‍കോടിന്റെയും വടക്കന്‍ മലബാറിന്റെയും സമരപാരമ്പര്യത്തിനും ഇടം നല്‍കുന്നു. ചരിത്രത്തില്‍ അറിയപ്പെടുന്ന നേതാക്കള്‍ക്കൊപ്പം വിസ്മൃതിയിലായ പോരാളികളുടെയും സാധാരണ മനുഷ്യരുടെയും ത്യാഗവും ചെറുത്തുനില്‍പ്പും ദൃശ്യാവിഷ്‌കാരങ്ങളിലൂടെ അവതരിപ്പിക്കുന്നു. നാം ഇന്ന് അനുഭവിക്കുന്ന അവകാശങ്ങള്‍ അനേകം മനുഷ്യരുടെ പോരാട്ടങ്ങളുടെ ഫലമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ‘കനല്‍വഴികള്‍’, ചരിത്രത്തെ അറിയാനും നീതിയുടെയും മാനവികതയുടെയും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനുമുള്ള ആഹ്വാനം കൂടിയാണ്. പ്രശസ്ത സംവിധായകന്‍ ജയന്‍ മാങ്ങാടാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. ആശയം-ഏകോപനം ഡോ. ആനക്കൈ ബാലകൃഷ്ണന്‍.
ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് 27ന് രാവിലെ ‘കനല്‍വഴികള്‍’ പ്രദര്‍ശിപ്പിക്കും.

 

error: Content is protected !!