സൂപ്രണ്ട് ചേമ്പറിലെ ആള്‍ക്കൂട്ട പ്രതിഷേധം അപലപനീയം: സ്റ്റാഫ് കൗണ്‍സില്‍
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം രോഗി മരണപ്പെട്ട സംഭവത്തെ തുടര്‍ന്ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടന്ന ആള്‍ക്കൂട്ട പ്രതിഷേധത്തെ സ്റ്റാഫ് കൗണ്‍സില്‍ ശക്തമായി അപലപിച്ചു.
രോഗിയുടെ മരണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കൗണ്‍സില്‍ അറിയിച്ചു.
സംശയങ്ങളോ പരാതികളോ ഉന്നയിക്കാനും നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെടാനും ബന്ധുക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പൂര്‍ണ അവകാശമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ സൂപ്രണ്ടിന്റെ ഔദ്യോഗിക ചേമ്പറില്‍ കടന്നുകയറി ജീവനക്കാരെ പൊതുസമക്ഷം ചോദ്യം ചെയ്യുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
ജനാധിപത്യപരമായ പ്രതിഷേധം മറ്റൊരാളുടെ ആത്മാഭിമാനവും ഔദ്യോഗിക അന്തസ്സും തകര്‍ക്കാനുള്ള ലൈസന്‍സല്ല. ചികിത്സയ്ക്കിടയിലെ ഓരോ മരണവും കൃത്യമായ മെഡിക്കല്‍ പരിശോധനയ്ക്കും വസ്തുനിഷ്ഠമായ അന്വേഷണത്തിനും വിധേയമാകണം. വീഴ്ചയുണ്ടെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണം. അതോടൊപ്പം ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കപ്പെടണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
രോഗിക്ക് നീതി ലഭിക്കണം. അതോടൊപ്പം നിരപരാധികളായ ജീവനക്കാരുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം. നീതി നടപ്പാക്കേണ്ടത് നിയമപരമായ അന്വേഷണത്തിലൂടെയാണ്, ആള്‍ക്കൂട്ട വിചാരണയിലൂടെയല്ലെന്ന് സ്റ്റാഫ് കൗണ്‍സില്‍ വ്യക്തമാക്കി.

