local news

ജാര്‍ഖണ്ഡില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക്; കഥയെഴുതി റിയ ജില്ലയില്‍ ഒന്നാമത്

പെരിയ: ഭാഷ പ അറിയാതെ പത്തുവര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ടെത്തിയ പെണ്‍കുട്ടി ഇന്ന് ഹിന്ദി കഥാരചനയില്‍ ജില്ലയില്‍ ഒന്നാമതാണ്. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി റിയ തിര്‍ക്കെയുടെ ‘മഴ നില്‍ക്കുമെന്ന പ്രതീക്ഷ’ എന്ന കഥയാണ് ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി കഥാരചനയില്‍ ഒന്നാംസ്ഥാനം നേടിയത്.
ജാര്‍ഖണ്ഡിലെ ഗുംലയില്‍ നിന്നും തൊഴില്‍ തേടി പത്തുവര്‍ഷം മുമ്പാണ് റിയയുടെ അച്ഛനമ്മമാര്‍ കാഞ്ഞങ്ങാട്ടെത്തുന്നത്. മേലാങ്കോട്ടെ സാധന പൈയുടെ കുടുംബത്തില്‍ കൃഷിപ്പണിയും വീട്ടുജോലിയുമായി അച്ഛന്‍ ബെനഡിക്ട് തിര്‍ക്കെയും അമ്മ ഗുല്‍മേയും ജീവിതമാരംഭിച്ചു. സാധന മുന്‍കൈയെടുത്താണ് റിയയെയും ചേച്ചി പ്രസില്ലയെയും ബന്ധുവായ ഖുശ്ബുവിനെയും സ്‌കൂളില്‍ ചേര്‍ത്തത്. തുടക്കത്തില്‍ പരിചയമില്ലാത്ത ഭാഷയിലുള്ള പഠനം ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് അവര്‍ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒരുപോലെ മിടുക്കരായി. ഹിന്ദി കഥാരചനയില്‍ ഇത് രണ്ടാംതവണയാണ് റിയ ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടുന്നത്. ആറാം ക്ലാസ് മുതല്‍ കളരിപ്പയറ്റ് പഠിക്കുന്ന റിയ ഹൈ കിക്ക് ഇനത്തില്‍ സംസ്ഥാനതലത്തില്‍ മത്സരിച്ചിരുന്നു. സഹോദരിമാരായ പ്രസില്ലയും ഖുശ്ബുവും ഇതേ സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികളാണ്.

 

error: Content is protected !!