കഞ്ചാവ് കടത്തിയ കേസ്: രണ്ട് യുവാക്കള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും
കാഞ്ഞങ്ങാട്: കാറില്‍ കഞ്ചാവ് കടത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. അജാനൂര്‍ വില്ലേജിലെ മൂലക്കണ്ടം പ്രവീണ്‍ നിവാസില്‍ വി. പ്രവീണ്‍ (43), വെള്ളിക്കോത്ത് കുഞ്ഞിപ്പുരയില്‍ ഹൗസില്‍ പി. വൈശാഖ് എന്ന ജിത്തു (30) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2021 ഒക്ടോബര്‍ 10-ന് പുലര്‍ച്ചെ 2.45-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞങ്ങാട് ബല്ല വില്ലേജില്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം കാഞ്ഞങ്ങാട് – കാസര്‍കോട് സംസ്ഥാന പാതയില്‍ വെച്ച് കാറില്‍ കടത്തുകയാ യിരുന്ന 2.050 കിലോഗ്രാം കഞ്ചാവുമായാണ് പ്രതികള്‍ പിടിയിലായത്. അന്നത്തെ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എ. ബാവയും സംഘവുമാണ് പ്രതികളെ പിടികൂടിയത്. അന്നത്തെ സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ. ശ്രീജേഷ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി മുന്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ജി. ചന്ദ്രമോഹനന്‍ ഹാജരായി.

