local news

അവശനിലയില്‍ കണ്ടെത്തിയ ഫ്രാന്‍സ് സ്വദേശിനി ആശുപത്രിയില്‍ മരിച്ചു

മാവുങ്കാല്‍: താമസ സ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയ ഫ്രാന്‍സ് സ്വദേശിനി ജില്ലാശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മാവുങ്കാല്‍ ആനന്ദാശ്രമത്തിനടുത്ത് ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന വേരാ (67) ആണ് മരിച്ചത്. ഫ്രാന്‍സില്‍ സംഗീത അധ്യാപികയായിരുന്ന ഇവര്‍ വിരമിച്ച ശേഷം ആനന്ദാശ്രമത്തിലെത്തി ഇവിടെ താമസിച്ച് വരികയായിരുന്നു. ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വവും ഉണ്ട്. പത്ത് വര്‍ഷത്തോളമായി ആശ്രമത്തിനടുത്ത് താമസിച്ച് വരികയായിരുന്നു. പതിവായി ആശ്രമത്തില്‍ എത്താറുണ്ട്.
രണ്ട് ദിവസമായി പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് വീട്ടില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ ജില്ലാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിച്ചു.
ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍ പ്രാഥമിക വിവരം നല്‍കി. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ബന്ധുക്കളെ കണ്ടെത്താന്‍ പോലീസ് എംബസി വഴി ശ്രമിക്കുന്നുണ്ട്. ബന്ധുക്കള്‍ എത്തിയ ശേഷമേ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കൂ.

 

error: Content is protected !!