local news

മണ്ഡലമാസാരംഭം; പൂജാ സ്റ്റോറുകള്‍ സജീവമായി

കാഞ്ഞങ്ങാട്: വൃശ്ചികം പുലരിയും ശബരിമല മണ്ഡലകാലത്തിന് നാളെ തുടക്കം. അയ്യപ്പ ഭക്തര്‍ക്കായുള്ള മാല വിപണി സജീവമായി. വ്രതശുദ്ധിയുടെയും ഭക്തിയുടെയും നാളുകളെ വരവേല്‍ക്കാന്‍ അയ്യപ്പഭക്തര്‍ ഒരുങ്ങുമ്പോള്‍ ആവശ്യമായ പൂജാ സാധനങ്ങളും വ്രതാനുഷ്ഠാനത്തിനുള്ള ഉല്‍പ്പന്നങ്ങളും വിപണിയില്‍  ലഭമാക്കിയിരിക്കുകയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പൂജാ സ്റ്റോറുകള്‍. അയ്യപ്പമാലകളും കറുത്ത വസ്ത്രങ്ങളും മുദ്രകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പനയ്ക്ക് തുടക്കമായി. ഈ മാസം 17ന് വൃശ്ചികം ഒന്നോടെ ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാലത്തിന് തുടക്കമാകും. ഇതോടെ അയ്യപ്പഭക്തരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ പൂജാ സ്റ്റോറുകളില്‍ തിരക്കേറിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അയ്യപ്പ സ്വാമിമാരുടെ എണ്ണം കൂടുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. തുലാം പത്ത് മുതല്‍ തന്നെ സ്വാമിമാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. വൃശ്ചികം പിറക്കുന്നതോടെ മാലയിടുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. സീസണിലെ കച്ചവടം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി സാധനങ്ങളാണ് ഇത്തവണ വ്യാപാരികള്‍ സ്റ്റോക്ക് ചെയ്തിരിക്കുന്നത്. അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ വിവിധ തരത്തിലുള്ള മാലകള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ ആവശ്യക്കാര്‍. തുളസിമാല, രക്തചന്ദന മാല, കല്ലുമാല, മുത്തുമാല തുടങ്ങിയവ വിവിധ വിലകളില്‍ ലഭ്യമാണ്. അയ്യപ്പന്മാര്‍ ധരിക്കുന്ന വിവിധതരം ആഭരണങ്ങളും കറുത്തതും നീലയുമായ വസ്ത്രങ്ങളും എത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സാധനങ്ങളുടെ വിലയില്‍ നേരിയ വര്‍ധന മാത്രമാണുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. മാലയും വസ്ത്രവും മാത്രമല്ല, കെട്ടുനിറയ്ക്കും യാത്രയ്ക്കും ആവശ്യമായ സാധനങ്ങളും പൂജാ സ്റ്റോറുകളില്‍ ഒരുക്കിയിട്ടുണ്ട്. കെട്ടുനിറയ്ക്കാനുള്ള പൈമ്പ്, ഇരുമുടിക്കെട്ടിനുള്ള ബാഗ്, നെയ്യ്, തേങ്ങ, ചന്ദനത്തിരി, കര്‍പ്പൂരം, റോസ് വാട്ടര്‍, മഞ്ഞള്‍പ്പൊടി തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയാണ്. മലര്‍, അവല്‍, പച്ചരി, പുഴുങ്ങലരി, വെറ്റില, അടയ്ക്ക തുടങ്ങിയവയും ലഭ്യമാണ്. മണ്ഡലകാലം ആരംഭിക്കുന്നതോടെ രാവിലെ മുതല്‍ വൈകിട്ടുവരെ പൂജാ സ്റ്റോറുകളില്‍ തിരക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ഭക്തരുടെ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ സാധനങ്ങള്‍ എത്തിക്കാനും വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ആവശ്യമായ സ്റ്റോക്ക് എത്തിച്ചിട്ടുണ്ടെങ്കിലും വില്‍പ്പനയുടെ തോത് വിലയിരുത്തി തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കും. കോവിഡ് കാലത്തുണ്ടായ വ്യാപാരമാന്ദ്യം ഒഴിച്ചുനിര്‍ത്തിയാല്‍ മണ്ഡലകാല വിപണിയില്‍ വലിയ പ്രതിസന്ധികളൊന്നും ഇതുവരെ നേരിടേണ്ടിവന്നിട്ടില്ലെന്നാണ് വ്യാപാരികളുടെ അനുഭവം.

 

error: Content is protected !!