local news

നഗരം അപകട രഹിതമാക്കാന്‍ റോഡ് സുരക്ഷയുടെ സന്ദേശവുമായി കാഞ്ഞങ്ങാട് റോട്ടറി

കാഞ്ഞങ്ങാട്: നഗരം അപകട രഹിതമാക്കാന്‍ റോഡ് സുരക്ഷയുടെ സന്ദേശവുമായി കാഞ്ഞങ്ങാട് റോട്ടറി.
വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, ഡ്രൈവര്‍മാര്‍, പൊതുജനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ കാഞ്ഞങ്ങാടിനെ അപകടരഹിത നഗരമാക്കി മാറ്റുന്നതിനുള്ള കൂട്ടായ ശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മോട്ടോര്‍ വാഹനവകുപ്പും പോലീസും മോട്ടോര്‍ തൊഴിലാളി യൂണിയനുകളും ചേര്‍ന്നാണ് ഒരാഴ്ച നീളുന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.വി.മോഹന്‍ദാസ് മേനോന്‍ അവതരിപ്പിച്ച 7 മുന്‍ഗണനാവിഷയങ്ങളില്‍ ഒന്നാണ് ‘എന്റെ നഗരം അപകടരഹിത നഗരം’. 16ന് രാവിലെ പടന്നക്കാട് ശ്രീനാരായണ ടി.ടി.ഐയിലും എന്‍.എ.എസ് കോളേജിലും റോഡ് സുരക്ഷാ ബോധവത്കരണ പരിപാടികള്‍ നടത്തും. 17ന് റോഡ് സുരക്ഷാ സന്ദേശയാത്ര. വിവിധ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്കും വാഹനയാത്രക്കാര്‍ക്കും ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കും. 21ന് വൈകീട്ട് 3ന് റോഡ് ഷോ. ഗതാഗത നിയമങ്ങള്‍ പാലിച്ചും ഉത്തരവാദിത്വത്തോടെ വാഹനമോടിച്ചും മാതൃകയാകുന്ന മികച്ച ഡ്രൈവര്‍മാരെ ചടങ്ങില്‍ ആദരിക്കും.
നവംബര്‍ 22ന് 11ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ്. കോളേജ് വിദ്യാര്‍ഥികള്‍ക്കായിറോഡ് സുരക്ഷയെ ആസ്പദമാക്കി ക്വിസ് മത്സരം. വൈകീട്ട് 5ന് ബേക്കല്‍ ബീച്ചില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ റോഡ് സുരക്ഷാ സന്ദേശവുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനദാനം. വാരാചരണത്തിന്റെ വിജയത്തിനായി സഹകരിച്ച പങ്കാളികളെ ആദരിക്കും.

 

error: Content is protected !!