നാടക അനുഭവങ്ങള്‍ പങ്കുവെച്ച് പഴയകാല നാടക പ്രവര്‍ത്തകര്‍; ‘നാട്ടകം’ വേറിട്ട അനുഭവമായി
കരിന്തളം: കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയുടെ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന് മുന്നോടിയായി കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ ആദ്യകാല നാടക പ്രവര്‍ത്തകരുടെ ഒത്തുചേരല്‍ ‘നാട്ടകം’ ശ്രദ്ധേയമായി. കോയിത്തട്ടയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നാല്പതോളം പഴയകാല നാടക പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് തങ്ങളുടെ നാടകാനുഭവങ്ങള്‍ പങ്കുവെച്ചു. പഴയകാല നാടക ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ച സംഗമം കേള്‍വിക്കാര്‍ക്കും നവ്യാനുഭവമായി.
പ്രശസ്ത നാടകകൃത്ത് രാജ്മോഹന്‍ നീലേശ്വരം ‘നാട്ടകം’ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് ഡോ. എ. ബാലകൃഷ്ണന് അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഷൈജു ബിരിക്കുളം സ്വാഗതവും കണ്‍വീനര്‍ കെ. വസന്തകുമാര്‍ നന്ദിയും പറഞ്ഞു.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഒ.എം. ബാലകൃഷ്ണന്, വായനശാല പ്രവര്‍ത്തകരായ വി. മധുസൂദനന്, കെ. രമേശന്, എന്‍. ബാലകൃഷ്ണന്, വി. റീജ, പി.എം. രാജന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
നവംബര്‍ 21 മുതല്‍ 25 വരെ കാലിച്ചാമരത്താണ് സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവം അരങ്ങേറുന്നത്. ഇതിന്റെ അനുബന്ധ പരിപാടിയായി നവംബര്‍ 17-ന് ചായ്യോത്ത് മുതല്‍ കാലിച്ചാമരം വരെ എട്ട് കേന്ദ്രങ്ങളിലായി നാടകയാത്രയും സംഘടിപ്പിക്കും. നാടകോത്സവത്തിന്റെ ഭാഗമായി ഇതിനകം നിരവധി അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
നാടകോത്സവ ദിവസങ്ങളില്‍ എല്ലാ വൈകുന്നേരങ്ങളിലും പ്രമുഖ കലാ-സാംസ്കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. വായനശാലയുടെ ഏഴ് പതിറ്റാണ്ട് നീളുന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നാടകോത്സവം നാടകാസ്വാദകര്‍ക്കും കലാപ്രേമികള്‍ക്കും വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

