ഗോശാല സംഗീതോത്സവത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ സംഗീത ധാര
പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന ആറാമത് ദീപാവലി സംഗീതോത്സവത്തിന്റെ മൂന്നാം നാളില്‍ പ്രശസ്ത സിനിമാ പിന്നണി ഗായികയും കര്‍ണ്ണാടക സംഗീതജ്ഞയും ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ വൈക്കം വിജയലക്ഷ്മി ഗോപൂജ നടത്തി നന്ദി മണ്ഡപത്തില്‍ പാടി. സരസ്വതി രാഗത്തിലുള്ള സുമുഖൈകദന്ത എന്ന വര്‍ണ്ണത്തോട് കൂടി ആരംഭിച്ച് സാവേരി രാഗത്തിലെ ശ്രീ കാഞ്ചി നായികേ , നാരായണി രാഗത്തിലെ ത്യാഗരാജ കൃതി രാമ നീവേ , ദീപാവലി രാഗത്തിലെ മാമവ ഗാനലോല, സാരമതി രാഗത്തിലെ എല്ലെ ല്ലു സംഗീതവേ എന്നീ കൃതികള്‍ ആലപിച്ച് ചോറ്റാനിക്കര അമ്മ എന്ന സിനിമയിലെ ഗാനവും ആലപിച്ചു. അടുത്ത ദീപാവലി സംഗീതോത്സവത്തില്‍ വീണ്ടും വന്ന് പാടുമെന്ന് അറിയിച്ച് തില്ലാനയോട് കൂടി കച്ചേരി അവസാനിപ്പിച്ചു. പക്കമേളത്തില്‍ മാഞ്ഞൂര്‍ രഞ്ജിത് വയലിന്‍ കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണന്‍ മൃദംഗം, രോഹിത് പ്രസാദ് ഘടം, പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ് മുഖര്‍ശംഖിലും സഹകരിച്ചു

