കാഞ്ഞങ്ങാട് നഗരസഭ കേരളോത്സവം സമാപിച്ചു; കലാവേദി കാഞ്ഞങ്ങാട് സൗത്ത് ഓവറോള്‍ ചാമ്പ്യന്മാര്
കാഞ്ഞങ്ങാട് : 15നും 40 നും ഇടയില്‍ പ്രായമുള്ളവരുടെ കലാ-കായിക മികവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, നിരവധി കാരണങ്ങളാല്‍ ഇടയ്ക്ക് വെച്ച് നിന്നുപോയ കഴിവുകള്‍ വീണ്ടും മികവിലേക്ക് എത്തിക്കുന്നതിനും ആയി സംസ്ഥാന സര്‍ക്കാര്‍ യുവജനക്ഷേമ ബോര്‍ഡ് എന്നിവരുടെ പിന്തുണയില്‍ കാഞ്ഞങ്ങാട് നഗരസഭ നവംമ്പര്‍ 1മുതല്‍ 8 വരെ നടത്തിയ 2026 വര്‍ഷത്തെ കേരളോത്സവം സമാപിച്ചു. നഗരസഭയിലെ 47 വാര്‍ഡുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇത്തവണ വിവിധങ്ങളായ കലാകായിക മത്സരങ്ങള്‍ നിറഞ്ഞ പങ്കാളിത്തത്തില്‍ നടന്നത്. സമാപനത്തിന്റെ ഭാഗമായി നടന്ന കലാ മത്സരങ്ങള്‍ അരയി കാര്‍ത്തിക നിത്യാനന്ദ കലാകേന്ദ്രത്തില്‍ നടന്നു. രാവിലെ 9 മണി മുതല്‍ കലാ മത്സരങ്ങള്‍ ആരംഭിച്ചു.36 ഇനങ്ങളിലായി നഗരസഭാ പരിധിയിലെ നിരവധി ക്ലബ്ബുകളും വ്യക്തികളും വൈവിധ്യമാര്‍ന്ന മത്സരങ്ങളില്‍ പങ്കാളികളായി. സമാപന ചടങ്ങും വിജയികള്‍ക്കുള്ള സമ്മാനവിതരണവും നഗരസഭ ചെയര്മാന് വി.വി രമേശന് ഉദ്ഘാടനം ചെയ്തു. സിനിമ സീരിയല്‍ താരം കലാഭവന്‍ നന്ദന വിശിഷ്ടാതിഥിയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം വിജയന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, കൗണ്‍സിലര്‍ മാരായ അനില്‍ വാഴുന്നോറടി, എം മിനി മോള്, അബ്ദുള്ള പടന്നക്കാട് എന്നിവര്‍ സംസാരിച്ചു വാര്‍ഡ് കൗണ്‍സിലര്‍ കെ രുഗ് മണി സ്വാഗതവും കാര്‍ത്തിക ക്ലബ്ബ് സെക്രട്ടറി സുരേശന് മോനാച്ച നന്ദിയും പറഞ്ഞു. ആവേശകരമായ മത്സരത്തില്‍ 138 പോയന്റ് നേടി കലാ വേദി കാഞ്ഞങ്ങാട് ഓവറോള്‍ ചാമ്പ്യന്മാരായി. എകെജി മോനാച്ച ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടി. കായിക വിഭാഗത്തില്‍ 127 പോയിന്റ് നേടി എകെജി മോനാച്ച ഒന്നാം സ്ഥാനവും റെഡ് സ്റ്റാര്‍ പുതുക്കൈയും കലാവേദി കാഞ്ഞങ്ങാടും രണ്ടാം സ്ഥാനം പങ്കിട്ടു . കലാ വിഭാഗത്തില്‍ 88 പോയന്റ് നേടി കലാവേദി കാഞ്ഞങ്ങാട് ഒന്നാം സ്ഥാനവും നിത്യാനന്ദ കലാകേന്ദ്രം രണ്ടാം സ്ഥാനവും നേടി. സമാപന ദിവസത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ മധുരംകൈ ബ്രദേഴ്സ് ക്ലബ്ബിനെ പരാജയപ്പെടുത്തി ഗ്രീന്‍ സ്റ്റാര്‍ ആവിയില്‍ ജേതാക്കളായി. ക്രിക്കറ്റ് മത്സരത്തില്‍ നാഷ് കാഞ്ഞങ്ങാട് ജേതാക്കളായി. നഗരസഭ കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ്, റവന്യു സൂപ്രണ്ട് കെ സചീന്ദ്രന്‍ , ക്ലീന്‍ സിറ്റി മാനേജര്‍ പി പി ബൈജു , കേരളോത്സവം ചാര്‍ജ് ഉദ്യോഗസ്ഥന് എന്‍.വി ദിവാകരന് , നഗരസഭ യൂത്ത് കോഡിനേറ്റര്‍ കൃതിക് രാജ് മറ്റു ജീവനക്കാര്‍, ക്ലബ്ബ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കാളികളായി.

