സി.പി.എമ്മിലെ ഗ്രൂപ്പ് പോര്: ചതുരക്കിണറില്‍ ഒരാള്‍ കുത്തേറ്റ് ഗുരുതരം നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
കാഞ്ഞങ്ങാട്: സി.പി.എമ്മിനുള്ളിലെ ഗ്രൂപ്പ് പകയും പാര്‍ട്ടി നേതൃത്വത്തിന്റെ പക്ഷപാതവും ചതുരക്കിണറില്‍ വീണ്ടും രക്തച്ചൊരിച്ചിലില്‍ കലാശിച്ചു. സി.പി.എം പ്രവര്‍ത്തകന്‍ അഭിലാഷ് (41) ഇടത് നെഞ്ചില്‍ കഠാര കൊണ്ട് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ കാസര്‍കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ചതുരക്കിണറിലാണ് സംഭവം. കക്കാട്ട് മുത്തപ്പന്‍ മടപ്പുരയില്‍ തെയ്യം കാണുകയായിരുന്ന അഭിലാഷിനെ അര്‍ജുന്‍ ഫോണില്‍ വിളിച്ച് കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ചതുരക്കിണറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ ആരെയും കാണാത്തതിനാല്‍ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന അഭിലാഷിനെ വീടിന് സമീപം രണ്ട് ബൈക്കുകളിലായി കാത്തുനിന്ന അര്‍ജുന്‍, അനൂപ് അരീക്കര, വിഷ്ണു എന്നിവര്‍ തടഞ്ഞുനിര്‍ത്തി. ‘നീയെന്തിനാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെ കുത്തിയത്’ എന്ന് ആരോപിച്ച് അര്‍ജുന്‍ കഠാര കൊണ്ട് അഭിലാഷിന്റെ നെഞ്ചിലേക്ക് കുത്തുകയായിരുന്നു എന്നാണ് വിവരം. ബഹളം കേട്ട് ഓടിയെത്തിയ സഹോദരന്‍ അനുമോദിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഓടിച്ച ശേഷം അക്രമികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറില്‍ ഉത്സവ സ്ഥലത്തുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണം. അന്ന് മുന്‍ ബ്രാഞ്ച് സെക്രട്ടറി പ്രദീപിന്റെ നേതൃത്വത്തിലുള്ള അക്രമത്തില്‍ ചതുരക്കിണറിലെ ഷിബിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രദീപിനും പരിക്കേറ്റിരുന്നു. പ്രദീപിനെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ അഭിലാഷ് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്.
എന്നാല്‍ ആ സംഘര്‍ഷത്തിന്റെ പേരില്‍ പാര്‍ട്ടി ഒരു വിഭാഗത്തെ മാത്രം സംരക്ഷിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പാര്‍ട്ടി നേതൃത്വത്തിന്റെ ഈ പക്ഷപാതത്തില്‍ പ്രതിഷേധിച്ച് ഈ മാസം 3-ന് ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ചതുരക്കിണറില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ വച്ച് ഷിബിന്‍ അടക്കമുള്ള ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അഭിലാഷ് മാത്രമാണ് പാര്‍ട്ടിയില്‍ തന്നെ ഉറച്ചുനിന്നത്. ഗുരുവനം കുന്ന് കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സംസാരിച്ചുവെന്ന് ആരോപിച്ച് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഇരുപതാം വാര്‍ഡ് ഗ്രൂപ്പില്‍ നിന്ന് അടക്കം അഭിലാഷിനെ റിമൂവ് ചെയ്തിരുന്നു.
ബി.ജെ.പി പൊതുയോഗം മടിക്കൈയിലെ സി.പി.എം നേതൃത്വത്തെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. അതിന് ബദലായി ഈ മാസം 11-ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പങ്കെടുപ്പിച്ച് ചതുരക്കിണറില്‍ പൊതുയോഗം സംഘടിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചിരിക്കെയാണ് പാര്‍ട്ടിക്കുള്ളിലെ തന്നെ പ്രവര്‍ത്തകന് കുത്തേറ്റിരിക്കുന്നത്. സ്വന്തം പ്രവര്‍ത്തകരെ പോലും സംരക്ഷിക്കാനാകാത്ത സി.പി.എമ്മിന്റെ ആഭ്യന്തര കലഹമാണ് ചതുരക്കിണറില്‍ വീണ്ടും അക്രമത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരുടെ വിമര്‍ശനം. സംഭവത്തില്‍ 4 പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു. പുതുക്കൈ അടുക്കത്ത് പറമ്പിലെ കൂളികുണ്ടില്‍ ഹൗസില്‍ അമ്പുവിന്റെ മകന്‍ അഭിലാഷിനെ (41) വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പുതുക്കൈ മണ്ഡലത്തെ ജയചന്ദ്രന്റെ മകന്‍ അര്‍ജുന്‍, അശോകന്റെ മകന്‍ അനൂപ്, കാവടി അഭി, രൂപേഷിന്റെ മകന്‍ വിഷ്ണു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

