State

കാരാക്കോട് പാലം പണി പാതിവഴിയില്‍

മടിക്കൈ: 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതിയ കാരാക്കോട് പാലം പണി പാതിവഴിയില്‍ നിലച്ചതോടെ നാട്ടുകാരുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും മങ്ങലേറ്റു. പത്ത് മാസമായി പണി പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇതോടെ കരാറുകാരന് നോട്ടീസ് നല്‍കി പൊതുമരാമത്ത് വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. കൈവരിയും ഇരുവശത്തുമുള്ള അപ്രോച്ച് റോഡുകളും മാത്രമാണ് പാലത്തിന് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ചെറിയ ജോലികള്‍ മാത്രം ബാക്കിയിരിക്കെയാണ് നിര്‍മാണം നിന്നുപോയത്.
കാരാക്കോട് ചാലിന് കുറുകെ 4.75 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. 3.68 കോടി രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചത്. 56 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലം 2024 മാര്‍ച്ച് 9 ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനിലൂടെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തത്. ജൂണോടെ പണി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കേണ്ടതായിരുന്നു. പണി നിലച്ചതോടെ നിലവില്‍ പാലത്തിനിരുവശത്തും മൂന്ന് മീറ്ററോളം മണ്ണിട്ട് നികത്തിയാണ് താത്കാലിക വഴി ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ ചെറിയ വാഹനങ്ങള്‍ പോകുന്നുണ്ടെങ്കിലും ലോഡുമായി വരുന്ന വാഹനങ്ങള്‍ക്ക് കയറാന്‍ കഴിയുന്നില്ല. മഴക്കാലത്ത് ഈ വഴിയും അപകടകരമാണ്.
1974-ല്‍ പണിത ചെക്ക് ഡാമാണ് ഇതുവരെ ഇവിടുത്തെ പ്രധാന ആശ്രയം. കാലവര്‍ഷം ശക്തമായാല്‍ ചെക്ക് ഡാം മുങ്ങും. അപ്പോള്‍ കാല്‍നടയാത്ര പോലും നടക്കില്ല. അതിന് തൊട്ടടുത്താണ് പുതിയ പാലം ഉയരുന്നത്.
എണ്ണപ്പാറ, പേരിയ, ആനക്കുഴി, കാലിച്ചാനടുക്കം, പാണത്തൂര്‍ തുടങ്ങിയ മലയോര മേഖലകളിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ പാലം ജീവനാഡിയാണ്. കാര്‍ഷിക വിളകള്‍ പുറത്തെത്തിക്കാനും വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും സുഗമമായി എത്താനും പാലം വന്നേ തീരൂ. ജൂണോടെ തീരേണ്ട പണിയില്‍ വീഴ്ച വരുത്തിയതിനാലാണ് കരാറുകാരന് നോട്ടീസ് നല്‍കിയതെന്ന് പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ ഷബീന്‍ചന്ദ് പറഞ്ഞു. 80 ശതമാനം പണി കഴിഞ്ഞെന്നും തൊഴിലാളികളെ കിട്ടാത്തതാണ് വൈകാന്‍ കാരണമെന്നുമാണ് കരാറുകാരന്‍ സത്താറിന്റെ വിശദീകരണം. പണി എത്രയും വേഗം പൂര്‍ത്തിയാക്കി പാലം തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

error: Content is protected !!