സര്‍ക്കാര്‍ അറിയാതെ ബാര്‍ ലൈസന്‍സ് അനുവദിക്കില്ല, മുന്‍ സര്‍ക്കാരിന്റെ തെറ്റായ രീതി മാറ്റും, മദ്യനയം ഉടന്‍ : മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എക്സൈസ് മന്ത്രിയോ സര്‍ക്കാരോ അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ഉദ്യോഗസ്ഥരെ നേരിട്ട് ബാര്‍ ലൈസന്‍സുകള്‍ നല്കാന് അനുവദിക്കില്ല. മുന്‍സര്‍ക്കാരിന്റെ കാലത്താണ് മന്ത്രി അറിയാതെ ഉദ്യോഗസ്ഥര്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കാനുള്ള സൗകര്യം ഒരുക്കിവെച്ചത്. ഈ തെറ്റായ രീതി മാറ്റും. എക്സൈസ് കമ്മിഷണര്‍ക്കും ഡെപ്യൂട്ടി കമ്മീഷണര്‍ക്കും സ്വന്തം നിലയില്‍ ബാര്‍ ലൈസന്‍സ് നല്കാന് കഴിയുന്ന അവസ്ഥ നാടിന് വലിയ അപകടമാണ് ഉണ്ടാക്കുന്നത്.
സര്‍ക്കാരിന്റെ പുതിയ മദ്യനയം ഉടന്‍ വരുമെന്നും അതിനനുസരിച്ച് മാത്രമേ സംസ്ഥാനത്ത് ഇനി ബാറുകള്‍ അനുവദിക്കുകയുള്ളൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മന്ത്രി അറിയാതെതന്നെ ഉദ്യോഗസ്ഥന്മാര്ക്ക് ബാര്‍ ലൈസന്‍സ് കൊടുക്കാനുള്ള സൗകര്യം കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് ചെയ്തുവെച്ചു. ഇപ്പോഴും അത് തുടരുകയാണ്. അത് മാറ്റും. ഗവണ്മെന്റ് അറിയാതെ ഒരു ബാറിനും ലൈസന്‍സ് കൊടുക്കില്ല. അങ്ങനെ കൊടുക്കാന്‍ പാടില്ല. ഗവണ്മെന്റ് അറിയണം. ഗവണ്മെന്റിന്റെ മദ്യനയം ഉടന്‍ വരും. അതനുസരിച്ചേ ബാര്‍ കൊടുക്കാന്‍ പാടുള്ളൂ.’ -മുഖ്യമന്ത്രി പറഞ്ഞു.
‘കഴിഞ്ഞ സര്‍ക്കാരാണ് ബാര്‍ കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയത്. അങ്ങനെയാണെങ്കില്‍ എന്തായിരിക്കും ഇവിടെ സ്ഥിതി? നമുക്ക് അതിനകത്ത് ഒരു നിയന്ത്രണം വേണ്ടേ. മന്ത്രി പോലും അറിയാതെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും കമ്മീഷണര്‍ക്കും ബാര്‍ കൊടുക്കാം എന്ന സാഹചര്യമുണ്ടായത് കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്താണ്. അത് മാറ്റും. ഗവണ്മെന്റ് അറിഞ്ഞുകൊണ്ട് ചെയ്താല്‍ മതി.’ -മുഖ്യമന്ത്രി പറഞ്ഞു.

