local news

ചിരോലിലെ രശ്മിയുടെ ശസ്ത്രക്രിയയ്ക്കായി നാടൊന്നിച്ചപ്പോള്‍ കരുതലിന്റെയും സ്‌നേഹത്തിന്റെയും നേര്‍ക്കാഴ്ചയായി

അട്ടക്കണ്ടം: ഒരു നാട് ഒന്നിച്ച് നിന്നാല്‍, ഒരു ജീവിതം രക്ഷിക്കാന്‍ നാല് ദിവസം മതിയെന്ന് തെളിയിച്ചിരിക്കുകയാണ് അട്ടക്കണ്ടം ചിരോലിലെ നാട്ടുകാര്‍. ചിരോലിലെ രശ്മിയുടെ ശസ്ത്രക്രിയയ്ക്കായി നാടൊന്നിച്ച് കൈകോര്‍ത്തപ്പോള്‍, വെറും 4 ദിവസം കൊണ്ട് സമാഹരിച്ചത് ഡോക്ടര്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ ചികിത്സാ തുകയും. ഇത് പണത്തിന്റെ കണക്കല്ല, ഒരു നാടിന്റെ സ്‌നേഹത്തിന്റെ കണക്കാണ്. നടുവിന് തേയ്മാനം സംഭവിച്ചതിനെ തുടര്‍ന്ന് ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയയ്ക്കും നട്ടെല്ലിന് ബോള്‍ മാറ്റിവെക്കുന്നതിനുമായി മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ 6-ാം തീയതി രശ്മി അഡ്മിറ്റ് ചെയ്യുകയാണ്. വേദന കൊണ്ട് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍, ചികിത്സയ്ക്കുള്ള വലിയ തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലായിരുന്നു ആ കുടുംബം. എന്നാല്‍ ആ ആശങ്കയെ നാട് സ്‌നേഹം കൊണ്ട് മായ്ച്ചുകളഞ്ഞു. ചെമ്പട വാട്‌സാപ്പ് കൂട്ടായ്മ, സി.പി.എം അട്ടക്കണ്ടം ബ്രാഞ്ച്, എ.ഡി.എസ് കുടുംബശ്രീ (വാര്‍ഡ് 8), ചിരോല്‍ ഊര് സമിതി, സി.ഐ.ടി.യു അട്ടക്കണ്ടം എന്നിവരുടെ നേതൃത്വത്തില്‍ തുക പിരിച്ചും, തൊഴിലുറപ്പ് തൊഴിലാളികള്‍ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചുമാണ് ഇത്രയും തുക സമാഹരിച്ചത്. സ്വന്തം കൂലിയില്‍ നിന്ന് ഒരു പങ്ക് മാറ്റിവെച്ച തൊഴിലുറപ്പ് ചേച്ചിമാര്‍ മുതല്‍, ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം നല്‍കിയ കുഞ്ഞുങ്ങള്‍ വരെ ഈ സ്‌നേഹയജ്ഞത്തില്‍ പങ്കാളികളായി.
നാടിന്റെ നാനാഭാഗത്ത് നിന്നും ലഭിച്ച വലിയ ജനകീയ പങ്കാളിത്തമാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തെ വിജയകരമാക്കിയത്.സമാഹരിച്ച തുകയുടെ കൈമാറല്‍ ചടങ്ങ് കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ടി.വി.ലതിക , മുന്‍ വാര്‍ഡ് മെമ്പര്‍മാരായ എം.വി. ജഗന്നാഥ്, മധു കോളിയാര്‍, സി.വി. സേതുനാഥ്, സിന്ധു ബാലകൃഷ്ണന്‍, ശശികല, രാജന്‍ വി. രാജന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. അത് വെറുമൊരു തുക കൈമാറ്റമായിരുന്നില്ല, ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയുടെ കൈമാറ്റമായിരുന്നു.

error: Content is protected !!